Keyman for Malayalam Typing

സർവ്വ ഐശ്വര്യ പൂജ (വിളക്കു പൂജ )

ഹരി ഓം 

 


സർവ്വ ഐശ്വര്യ പൂജ - വിളക്കു പൂജ ചെയ്യേണ്ടത് എങ്ങിനെയാണ് എന്നറിയണ്ടേ?

വിളക്കുപൂജയെ തന്നെയാണു ഐശ്വര്യപൂജ എന്നു പറയുന്നതും. രണ്ടും ഒന്നുതന്നെയാണു.

കന്യകമാര്‍ക്ക് ഉത്തമനായ ഭര്‍ത്താവിനെ ലഭിക്കുന്നതിനും ഭര്‍ത്തൃമതികള്‍ക്ക്‌ സ്വഭര്‍ത്താവിന്‌ ആയുരാരോഗ്യ സൗഖ്യങ്ങള്‍ കൈവരുത്തുന്നതിനും കുടുംബൈശ്വര്യത്തിനും ഏറ്റവും ഫലപ്രദമായ പൂജയാണ്‌ ഐശ്വര്യപൂജ.


പൂജയ്‌ക്ക് ദേഹശുദ്ധി, പരിസരശുദ്ധി, മനഃശുദ്ധി, വ്രതശുദ്ധി, അന്തരീക്ഷ ശുദ്ധി ഇവ അത്യാവശ്യമാണ്‌.


ദീപപൂജ നടത്താനുളള സ്‌ഥലം വൃത്തിയാക്കി കളമിട്ട്‌ നിലവിളക്കുകള്‍ ഒരുക്കി വയ്ക്കുക. വിളക്കില്‍ ഭസ്‌മചന്ദനാദികള്‍കൊണ്ട്‌ കുറിയിട്ട്‌ പൂചൂടി അലങ്കരിക്കുക.

വിളക്കുകള്‍ എണ്ണയൊഴിച്ച്‌ ഓരോ വിളക്കിലും രണ്ടു തിരികള്‍ വീതമിടുക.  വിളക്കുകളുടെ വരികള്‍ തമ്മില്‍ ചേരുന്ന മദ്ധ്യഭാഗത്ത്‌ ഒരു വലിയ നിലവിളക്ക്‌ വയ്‌ക്കണം. വാഴയിലയില്‍ നിവേദ്യപ്പായസം, അവല്‍, മലര്‍പഴം, കല്‍ക്കണ്ടം, വെറ്റില, ഭസ്‌മം കളഭം എന്നിവ വയ്‌ക്കണം. ഒരു ഇലയില്‍ അര്‍ച്ചനയ്ക്ക് ഉള്ള  പൂക്കളും കുങ്കുമവും തയ്യാറാക്കണം. ഒരു കിണ്ടി വൃത്തിയാക്കി വെ ളളം നിറച്ച്‌ വിളക്കിനടുത്ത്‌ വയ്‌ക്കണം. സാമ്പ്രാണിത്തിരി കൊളുത്തിവയ്‌ക്കണം. ഒരു ചെറിയ തട്ടത്തില്‍ ഭസ്‌മം വച്ച്‌ അതില്‍ കര്‍പ്പൂരം വയ്‌ക്കുക.

കുളിച്ചു ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്‌മചന്ദനാദികള്‍ ധരിച്ചുവേണം പൂജ ചെയ്യുവാന്‍. ദീപത്തെ നമസ്‌കരിച്ച്‌ ഇലയുടെ മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുക. പൂജ നടത്തുന്ന ആചാര്യന്‍ പ്രധാന ദീപത്തിന്‌ (വലിയ വിളക്കിന്‌) മുന്നിലിരിക്കണം.

ആദ്യം ശാന്തിമന്ത്രം, ഗണപതി സ്‌തുതി ദേവീസ്‌തുതികള്‍, ഗുരു സ്‌തുതി ഇവ ചെയ്‌തതിനുശേഷം ക്ഷേത്രത്തില്‍ നിന്നോ, പ്രധാന ചിത്രത്തിന്‌ മുന്നിലെ വിളക്കില്‍നിന്നോ കൊളുത്തിക്കൊണ്ടുവരുന്ന ദീപം കൊണ്ട്‌ പൂജയ്‌ക്കുളള പ്രധാന വിളക്ക്‌ ജ്വലിപ്പിക്കണം. അതില്‍നിന്നും പകരുന്ന തിരികൊണ്ട്‌ എല്ലാവരും അവരവരുടെ മുന്നിലുള്ള ദീപം കത്തിക്കുക.

ദീപം കത്തിക്കുന്ന സമയത്ത്‌ എല്ലാവരും അവരവരുടെ മുന്നിലുളള ദീപം തൊട്ടുവന്ദിച്ച്‌ ഭദ്രദീപസ്‌തുതി ചൊല്ലണം.

അതിനുശേഷം കലശപൂജയാണ്‌. കിണ്ടിയില്‍ നിറച്ചിരിക്കുന്ന ജലത്തില്‍ ഒരു നുള്ള്‌ അക്ഷതവും പുഷ്‌പവുമിട്ട്‌ വലതു കൈകൊണ്ട്‌ അടച്ചുപിടിച്ചു കൊണ്ട്  താഴെപ്പറയുന്ന മന്ത്രം ജപിക്കുക.


''ഗംഗേച യമുനേ ചൈവ

ഗോദാവരി സരസ്വതീ

നര്‍മ്മദേ സിന്ധു കാവേരി

തീര്‍ത്‌ഥേസ്‌മിന്‍ സന്നിധിം കുരു''


അല്‌പം തീര്‍ത്ഥം ഉളളം കൈയിലെടുത്ത്‌ കുടിക്കുക. കൈ കഴുകിയിട്ട്‌ തീര്‍ത്ഥം പുഷ്‌പങ്ങളിലും നിവേദ്യത്തിലും തളിക്കുക.


തുടര്‍ന്നാണ് അര്‍ച്ചന ചെയ്യേണ്ടത്. ആദ്യം ധ്യാനം. ആദിപരാശക്തിയായ ജഗദംബികയെ നല്ലവണ്ണം മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ താഴെപ്പറയുന്ന ധ്യാനശ്ലോകങ്ങള്‍ ചൊല്ലുക.


''ഓം പത്മാസനാം പത്മകരാം പത്മമാലാവിഭൂഷിതാം

ക്ഷീരവര്‍ണ്ണസമം വസ്‌ത്രം ദധാനാം ഹരി വല്ലഭാം.''


അതിനുശേഷം മൗനമായി അമ്മയെ സ്‌മരിക്കണം. ധ്യാനം കഴിഞ്ഞ്‌അര്‍ച്ചന ചെയ്യണം. പെരുവിരലും മോതിര വിരലും കൊണ്ട്‌ പുഷ്‌പങ്ങളോ കുങ്കുമമോ എടുത്ത്‌ അര്‍ച്ചിക്കണം.  ഇടതുകൈ നെഞ്ചോടു ചേര്‍ത്തുവച്ച്‌ ശ്രീലളിതാഷ്‌ടോത്തരാര്‍ ച്ചനയിലെ ആദ്യത്തെ 54 നാമം പുഷ്‌പംകൊണ്ടും ബാക്കി കുങ്കുമംകൊണ്ടും അര്‍ച്ചിക്കണം. പുഷ്‌പങ്ങളും കുങ്കുമവും എടുത്ത്‌ അര്‍ച്ചിക്കുമ്പോള്‍ നിലവിളക്കിന്റെ ചുവട്‌ അംബികയുടെ തൃപ്പാദങ്ങളായി സങ്കല്‌പിച്ച്‌ അവിടെ വേണം അര്‍ച്ചിക്കുവാന്‍. അര്‍ച്ചന അവസാനിക്കുമ്പോള്‍ മിച്ചമുളള പുഷ്‌പത്തില്‍ കുറച്ചെടുത്ത്‌ നെഞ്ചോടു ചേര്‍ത്തുവച്ച്‌ 


''നാനാവിധ മന്ത്രപരിമള പത്രപുഷ്‌പാണി സമര്‍പ്പയാമി''


എന്ന്‌ ജപിച്ച്‌ ദീപത്തിന്‌ ചുവട്ടില്‍ അര്‍പ്പിച്ചതിനുശേഷം സ്‌തുതികള്‍ ചൊല്ലണം.


അതിനുശേഷം നിവേദ്യം സമര്‍പ്പിക്കണം.


സമര്‍പ്പണ മന്ത്രം:-


''ഓം ബ്രഹ്‌മര്‍പ്പണം ബ്രഹ്‌മവീര്‍

ബ്രഹ്‌മാഗ്നൗ ബ്രഹ്‌മണാഹൃതം

ബ്രഹ്‌മൈവ തേനഗന്തവ്യം

ബ്രഹ്‌മ കര്‍മ്മ സമാധിന''


ഒരുക്കിവച്ചിരിക്കുന്ന നിവേദ്യം ആറുപ്രാവശ്യമായി നിവേദിക്കുക. നിവേദ്യം വലതുകൈ വിരലുകളിലെടുക്കുന്നതുപോലെയും ഒരു കുഞ്ഞ്‌ മാതാവിനെ ഊട്ടുകയാണെന്ന ഭാവത്തോടെയും ഭക്‌തി യോടെ സാവധാനം മുദ്രകാണിച്ച്‌ നിവേദിക്കുക.


ഓരോ തവണയും താഴെക്കാണുന്ന മന്ത്രത്തിന്റെ ഓരോ വരി ചൊല്ലണം.


''ഓം പ്രാണായ സ്വാഹ

ഓം അപാനായ സ്വാഹ

ഓം വ്യാനായ സ്വാഹ

ഓം ഉദാനായ സ്വാഹ

ഓം സമാനായ സ്വാഹ

ഓം ബ്രഹ്‌മണേ സ്വാഹ ''


നിവേദ്യം മാറ്റി അല്‌പം ജലംകൊണ്ട്‌ കൈ ശുദ്ധി വരുത്തുക . എല്ലാവരും നമസ്‌ക്കരിച്ച്‌ എഴുന്നേറ്റ്‌ ദീപാരാധന ചെയ്യണം. കര്‍പ്പൂരം കൈയിലെടുത്ത്‌ വിളക്കില്‍നിന്ന്‌ കത്തിക്കുക. ക്ഷേത്രത്തില്‍ ദീപാരാധന നടത്തുകയോ, അല്ലെങ്കില്‍ പ്രധാന പൂജാസ്‌ഥലത്ത്‌ ദീപാരാധന നടത്തുകയോ ചെയ്യുമ്പോള്‍  എല്ലാവരും കര്‍പ്പൂരം കത്തിച്ച്‌ വിളക്കിന്‌ മൂന്നുതവണ ആരതി ഉഴിയുക. എന്നിട്ട്‌ കര്‍പ്പൂരത്തട്ട്‌ തലയ്‌ക്കു മുകളില്‍ പിടിച്ച്‌ എല്ലാവരും ചേര്‍ന്ന്‌ ചൊല്ലുക.


''ജ്യോതി ജ്യോതി ജ്യോതി ജ്യോതി ഓം ജ്യോതി ജ്യോതിബ്രഹ്‌മ ജ്യോതി ഓം ജ്യോതി ജ്യോതി ആത്മ ജ്യോതി ഓം ജ്യോതി ജ്യോതി പരം ജ്യോതി ഓം ജ്യോതി ജ്യോതി സ്വയം ജ്യോതി ഓം''


കര്‍പ്പൂരത്തട്ട്‌ താഴെവച്ച്‌ പൂവെടുത്തുഴിഞ്ഞ്‌ ദീപത്തിന്‌ ചുവട്ടിലിടുക. കര്‍പ്പൂരം വന്ദിച്ച്‌ അടുത്തു നില്‍ക്കുന്നവര്‍ക്ക്‌ കൊടുക്കുക. എന്നിട്ട്‌ നമസ്‌ക്കരിച്ച്‌ പ്രദക്ഷിണം വയ്‌ക്കുക. മൂന്നുതവണ വരിയായി പ്രദക്ഷിണം കഴിഞ്ഞ്‌ അവരവരുടെ സ്‌ഥാനത്തുവരുമ്പോള്‍ നമസ്‌ക്കരിച്ച്‌ മംഗളം ചൊല്ലി, ശാന്തി മന്ത്രങ്ങളും ചൊല്ലിയതിനുശേഷം പൂക്കളെടുത്ത്‌ ജപിച്ച്‌ ദീപം കെടുത്തുക. പ്രസാദം അവരവര്‍ എടുക്കുക. കുങ്കുമം സൂക്ഷിച്ചുവച്ച്‌ നിത്യവും നെറ്റിയിലണിയുന്നവര്‍ക്ക്‌ സര്‍വ്വ ഐശ്വര്യങ്ങളും സിദ്ധിക്കും.


സദാശിവസമാരംഭാം

ശങ്കരാചാര്യമധ്യമാം

അസ്മദാചാര്യപര്യന്താം

വന്ദേ ഗുരുപരമ്പരാം.


ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏

കടപ്പാട്: സുജനായർ

 

അഭിപ്രായങ്ങളൊന്നുമില്ല: