ജ്ഞാനപ്പാന
Post 2
ഈ വർഷം (2020) അനുഭവിക്കുന്ന
ദുരിതങ്ങൾ കാണുമ്പോൾ ഓർക്കാൻ
പൂന്താനം നമ്പൂതിരിയുടെ കവിതയേക്കാൾ
വേറെ എന്തുണ്ട്....?
~~~
കൃഷ്ണ! കൃഷ്ണാ! മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ! ഗോവിന്ദ നാരായണാ ഹരേ !
അച്യുതാനന്ദ ഗോവിന്ദ മാധവാ!
സച്ചിതാനന്ദ നാരായണാ ഹരേ !
ഗുരുനാഥന്‍ തുണചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാന്‍!
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.
മനുജാതിയില്‍ത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.
പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങള്‍.
കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം.
ജ്ഞാനത്തിനധികാരി ജനങ്ങള്‍ക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.
സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‌ക്കട്ടെ സര്‍വ്വവും;
ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു.
എളുതായിട്ടു മുക്തി ലഭിപ്പാനായ്
ചെവി തന്നിതു കേള്‍പ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്
ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്
ഒന്നിലുമൊരു ബന്ധമില്ലാതെയായ്
നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്.
ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍
മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും
പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
പുണ്യപാപങ്ങള്‍ മിശ്രമാം കര്‍മ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍
മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.
പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍.
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.
ബ്രഹ് മവാദിയായീച്ചയെറുമ്പോളം
കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കര്‍മ്മപാശത്തെ ലംഘിക്കയന്നതു
ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം.
ദിക്‌പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അല്‌പകര്‍മ്മികളാകിയ നാമെല്ലാ-
മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും
കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.
നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയില്‍ വന്നു പിറന്നിട്ടു
സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്‍
സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍
പരിപാകവുമെള്ളോളമില്ലവര്‍
പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍
ജാതരായ്; ദുരിതം ചെയ്തു ചത്തവര്‍.
വന്നൊരദ്‌ദുരിതത്തിന്‍ഫലമായി
പിന്നെപ്പോയ് നരകങ്ങളില്‍ വീഴുന്നു.
സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്
നരലോകേ മഹീസുരനാകുന്നു;
ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍
ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.
അസുരന്മാര്‍ സുരന്മാരായീടുന്നു;
അമരന്മാര്‍ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു;
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ്‌പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ്‌പിറകുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍
ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍
സീമയില്ലാതോളം പല കര്‍മ്മങ്ങള്‍;
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്‍.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നില്‍
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്‍
തങ്ങള്‍ ചെയ്തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.
ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍.
ഉടനെ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കല്‍നിന്നുടന്‍
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനേ.
കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കര്‍മ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിര്‍ണ്ണയം.
ഭക്തന്മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും
സക്തരായ വിഷയീജനങ്ങള്‍ക്കും
ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും
വിശ്വമാതാവു ഭൂമി ശിവ ശിവ!
വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.
അവനീതലപാലനത്തിന്നല്ലൊ
അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.
ഭൂപത്‌മത്തിനു കര്‍ണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍
കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കര്‍മ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവര്‍കള്‍ക്കും,
കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാന്‍.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീര്‍ത്തനമെന്നീയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും
ബാക്കി അടുത്ത പോസ്റ്റിൽ തുടരും...
...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ