ജ്ഞാനപ്പാന
നമുക്ക് എറ്റവും സുപരിചിതമായ ഈ കാവ്യം രചിച്ചത് പരമ കൃഷ്ണഭക്തനായ ഒരു നമ്പൂതിരിയാണ്. അദ്ദേഹം നാനൂറിലധികം വർഷങ്ങൾക്ക് മുൻപ് ജീവിച്ച് മരിച്ചു പോയ ഒരു കവിയാണ്. പാണ്ഡിത്യത്തേക്കാൾ ഭക്തിയാണ് അദ്ദേഹത്തെ മഹാനാക്കുന്നത്.
അദ്ദേഹം എളിതായി പാടിയ ഈ കവിതയിൽ യഥേഷ്ടം ജീവിത യാഥാർത്യങ്ങൾ എടുത്തു പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിലെ വിദ്യാർഥികളും ഇതൊക്കെ മനസ്സിലാക്കുന്നത് അവരുടെ സൽസ്വഭാവത്തിനും അഭിവൃദ്ധിക്കും സഹയകമാകും.
"കൃഷ്ണ! കൃഷ്ണാ! മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ! ഗോവിന്ദ നാരായണാ ഹരേ !
അച്യുതാനന്ദ ഗോവിന്ദ മാധവാ!
സച്ചിതാനന്ദ നാരായണാ ഹരേ !"
തുടങ്ങുന്നത് മേലെ ഉദ്ദരിച്ചിട്ടുള്ള പ്രാർഥനയോടെയാണ്.
നാലുയുഗങ്ങളില്‍ വച്ച് മോക്ഷം ലഭിക്കാന്‍ നല്ലത് കലിയുഗമാണ്. കൃഷ്ണാ, മുകുന്ദാ, ജനാർദ്ദനാ തുടങ്ങിയുള്ള ഭഗവന്നാമങ്ങള്‍ ജപിക്കുക. ഏതു പാമരനും സാധിക്കുന്ന കാര്യമാണത്. കലികാലത്ത് മുക്തി നേടുവാന്‍ ഏറ്റവും എളുപ്പമായ മാർഗവുമാണത്. മറ്റ് പതിമൂന്ന് ലോകങ്ങളിലും ആറ് ദ്വീപുകളിലും എട്ടു ഖണ്ഡങ്ങളിലും ഉള്ള ജനങ്ങളൊക്കെ, കലികാലത്തെ ഭാരതഖണ്ഡത്തെ ആദരപൂർവം വന്ദിക്കുന്നു. അവരൊക്കെ ഈ ഭാരതത്തില്‍, പ്രത്യേകിച്ച് കലിയുഗത്തില്‍ വന്ന് പിറക്കാന്‍ സാധിക്കാതെ വന്നതില്‍ ഖേദിക്കുന്നു. മറ്റ് മൂന്ന് യുഗങ്ങളില്‍ ജീവിച്ചവർക്കും ഇത്തരത്തില്‍ മോക്ഷപ്രാപ്തിക്കുള്ള അവസരം ലഭിച്ചിട്ടില്ല. ഭാരതഭൂമിയില്‍ ഒരു പുല്ലായിട്ടെങ്കിലും ജനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് അവരുടെയൊക്കെ പ്രാർത്ഥന. ഇവിടെ ജന്മമെടുക്കാന്‍ ഭാഗ്യം ലഭിച്ച മനുഷ്യരേയും കലിയെത്തന്നെയും അവര്‍ നമസ്‌കരിക്കുന്നു. ഞാന്‍ ഇതൊക്കെ വിസ്തരിച്ച് പറയേണ്ടതുണ്ടോ എന്ന് കവി ചോദിക്കുന്നു. ഈ ഭാരതത്തില്‍, കലിയുഗത്തില്‍ മനുഷ്യജന്മം ലഭിച്ചവരെല്ലാം ഭാഗ്യവാന്മാരാണെന്നും, ഈശ്വരപ്രാപ്തി ആഗ്രഹിക്കുന്ന ഏവർക്കും തിരുനാമസങ്കീർത്തനത്തിലൂടെ അതിനുള്ള മാർഗം തെളിയുന്നു എന്നും സാരം.
കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങള്‍. മഹാവിഷ്ണുവിന്റെ ഒന്പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ സ്വർഗാരോഹണത്തോടെ കലിയുഗം ആരംഭിച്ചു എന്നാണ് വിശ്വാസം. ദൈവനാമം ഉരുവിട്ടുകൊണ്ടു തന്നെ കലിയുഗത്തില്‍ നമുക്ക് മോക്ഷം നേടാം എന്ന്, കവി ആവർത്തിച്ച് ഓർമിപ്പിക്കുകയാണ് നമ്മെ.
തുടരും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ