തിരുവാതിര-കൈകൊട്ടിക്കളിയും പ്രാർഥനയും.
വാമൊഴിപ്പാട്ടാണ് , വിട്ടമ്മമാരായ മംഗല്ല്യ സ്ത്രീകൾ വട്ടം ചുററി കൈ കൊട്ടി ചുവടുകൾ വെച്ച് പാടാറുള്ള ഒരു പ്രാർഥന കൂടിയാണ് ഇത്.
“മംഗലയാതിര നൽപുരാണം
എങ്കിലോകേട്ടാലുമുള്ള വണ്ണം
പണ്ടാരു തതായുഗത്തിങ്കല്
ഉത്തമനായൊരു വൈദികന്
വെണ്മയിൽ കന്യകയും ജനിച്ചു.
അക്കന്യകാലേ ചെറുപ്പത്തില്
ബുദ്ധിതെളിഞ്ഞൊരു പൂജചെയ്ത
പൂരം കുളിച്ചവൾ നോറ്റിരുന്നു
അഷ്ടമിയെന്നൊരു നോൽമ്പറിക
ആതിരയെന്നൊരു നോൽമ്പറിക
പാർവതി വാഴ്ക വാഴ്കെന്നു ചൊല്ലി
മലർമങ്ക വാഴ്ക വാഴ്കെന്നു ചൊല്ലി
കൊങ്ക കുളിർത്തു വരുന്ന കാലം,
ഉത്തമനായൊരു വൈദികൻ താൻ
വന്നിട്ടു കർമ്മവിവാഹംചെയ്തു.
കുടികുളി കല്യാണം കഴിയും മുമ്പേ
ഈഷൽ കൂടാതെ വന്നന്തകനും
വൈദികൻ തന്നുയിർ കൊണ്ടുപോയി
കഷ്ടമിതെന്നു മാലോർ ചൊല്ലി
കഷ്ടമിതെന്നു മുറ തുടങ്ങി
കന്യാഗൃഹത്തിൽ പട മുഴങ്ങി
ശ്രീ കൈലാസത്തിൽ കൂടെ മുഴങ്ങി
മാമലമങ്ക മനം തെളിഞ്ഞ്
പൂമുടി മാലയും ചൂടും നേരം
കന്യ കരയുന്നോരൊച്ച കേട്ടു.
നെഞ്ചിടമാകെ നിറം പകർന്നു
കയ്യിലെ മാലയും താനറിഞ്ഞു
നീലകണ്ഠൻ തിരു കാൽക്കൽ ചെന്നു
മാമലമങ്കയരുളിചെയ്തു
എന്നുടെ ചങ്ങാതിയായവളെ
ഇന്നലെ കർമ്മ വിവാഹം ചെയ്തു
ഇന്നവൾ കണവന്നുയിരും പോയി
ഇന്നവൾ ഈറൻ നനച്ചുടുക്കിൽ
ഞാനും നനച്ചു പിഴിഞ്ഞുടുക്കും
ഇന്നവൾ താലി അഴിച്ചിടുകിൽ
ഞാനുമെൻ താലി അഴിച്ചുവെയ്ക്കും
ഇന്നവൾ കൂന്തൽ നിലത്തിടുകിൽ
ഞാനുമെൻ കൂന്തൽ നിലത്തിടുന്നു
ഇന്നവൾ ഓലത്തടുക്കില്ലെങ്കിൽ
ഞാനുമേ ഓലത്തടുക്കിൽ തന്നെ
ഇന്നവൾ കണവനിണ പിരികിൽ
ഞാനും തിരുമേനി തീണ്ടുന്നില്ല
നിലകണ്ഠൻ തിരുപാദത്താണേ
എന്നും തിരുമേനി തീണ്ടുന്നില്ല.
പാർവ്വതി വാക്കുകൾ കേട്ടു നാഥൻ
പുഞ്ചിരിയോടെയരുളി ചെയ്തു
കർമ്മപിഴ വന്നാലാവതില്ല
ഈ ലോകത്തല്ലിതു വേണ്ടതൊന്നും
കാലപുരത്തേക്കു നോക്കി നാഥൻ
കാലനുമുള്ളിൽ ഭയം തുടങ്ങി.
കൊണ്ടാടിക്കൊണ്ടാ മലരമ്പനെ
ചുട്ടുകരിച്ചതുമോർത്തു കാലൻ
ഭക്തനായുളെളാരു മാണി തന്നെ
രക്ഷിച്ചുകൊണ്ടതുമോർത്തു കാലൻ
ധർമ്മരാജാവു ഭയപ്പെട്ടിട്ട്
എരിക്കില തന്നിലങ്ങേറ്റുകൊണ്ട്
കൊന്നേടല കൊണ്ടടച്ചു കാലൻ
വൈദികൻ തന്നേയും കാഴ്ചവെച്ചു
വൈദികൻ തന്റെ ശിരസ്സിന്മേലും
മാറത്തുമൊക്കെ തളിച്ചു വെള്ളം
നിദ്രയും നീങ്ങീട്ടുണർന്നപോലെ
ബുദ്ധിയും ശക്തിയും പൂർണ്ണമായി
കൈലാസത്തിലെഴുന്നള്ളീട്ട്
പാർവ്വതിയോടുമരുളി ചെയ്തു.
ചങ്ങാതി കണവനെ ഉണ്ടാക്കി ഞാൻ
നീ ചെന്നു കാൺകെന്നരുളി ചെയ്തു
മാമലമങ്കയും തോഴിമാരും
കന്യാഗൃഹത്തിലെഴുന്നരുളി
മയങ്ങികിടക്കും മലർക്കന്യയെ
വാരിയെടുത്തു മടിയിൽ വെച്ചു.
വെള്ളം തളിച്ചു മുഖം തുടച്ചു.
താലിയെടുത്തു കഴുത്തിൽ കെട്ടി
മംഗല്യ ബാധ വരികയില്ല
മക്കൾ പലരെ നീ പെറ്റുകൊൾക
കന്യക്കു വേണ്ട വരം കൊടുത്തു
കന്യയും കന്യോടു ചേർന്നവരും
കുടി കുളി കല്യാണം ആഘോഷിച്ചു
കന്യയും കന്യുടെ കണവൻ താനും
കന്യാഗൃഹത്തിൽ രമിച്ചിടുന്നു
മാമലമങ്കയും തോഴിമാരും
ശ്രീകൈലാസത്തിലെഴുന്നരുളി
മാതേവരുമായ് സുഖിച്ചിരുന്നു."
ഫലശ്രുതി :
"ഇപ്പാട്ടു പാടുന്ന മങ്കമാർക്ക്
ഈടേറ്റം വാഴ്ക നെടുമംഗല്യം
മടിയാതെ ഇക്കഥ ചൊല്ലുവോർക്കും
ചുറ്റുമിരുന്നിതു കേൾക്കുവോർക്കും
മംഗല്യഹാനി വരികയില്ല
സന്തതി എന്നേക്കും കാത്തരുളും
തൃശ്ശിവപേരൂർ വടക്കുംനാഥ
ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ ! "
(രചയിതാവ് ആരാണെന്നറിയില്ല.)
curtesy : KKE
...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ