Keyman for Malayalam Typing

ഷഷ്ട്യബ്ദപൂര്‍ത്തി

തമിഴ്‌നാട്ടിലെ കാരൈക്കലിനടുത്തുള്ള തിരുക്കടൈയൂര്‍ ക്ഷേത്രം ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷത്തിനു പ്രസിദ്ധമാണ്. അറുപതു വയസ്സു തികയുന്ന ദിവസം ഭാര്യയുമൊത്ത് അവിടെ പോയി അറുപതാം പിറന്നാൾ  ആഘോഷിക്കുന്നവർ എത്രയോ. 

അമ്പല നടയില്‍ അറുപതാം പിറന്നാള്‍ ആഘോഷിക്കുകയും, വീണ്ടും പരസ്​പരം വിവാഹിതരാവുകയും ചെയ്യുന്നതാണ്  ചടങ്ങ്. അങ്ങിനെ അന്നൈ അഭിരാമി ദേവിയുടെ അനുഗ്രഹം തേടിയാൽ ധീർഘായുസ്സ്, ആരോഗ്യം, ആനന്ദം, ഐശ്വര്യം എന്നിവക്കെല്ലാം ഒരു കുറവുമുണ്ടാവില്ല എന്നാണ് വിശ്വാസം.

സുദീര്‍ഘമായ ദാമ്പത്യം തന്നതിന്  നന്ദിപ്രകാശനവും, ഇനിയും ഒരുമിച്ചു കഴിയാനുള്ള അനുഗ്രഹം തേടലുമാണ് തിരുക്കടൈയൂരിലെ അറുപതാം കല്യാണം. വെറും ചടങ്ങായല്ല, ആർഭാടമായിത്തന്നെയാണ്  അതു  പലരും നടത്താറുള്ളത്‍. സധാരണ കല്യാണ ചടങ്ങ് പോലെ തന്നെ താലിയും മാലയും  ഒക്കെ വേണം. പൂജകള്‍ നടത്തണം. മന്ത്രങ്ങള്‍ ചൊല്ലണം. അഗതികള്‍ക്കു സദ്യ നല്‍കണം. നാദസ്വരവും ആനയുമായി ഘോഷയാത്രയൊക്കെ ആവാം. ഈ നടയില്‍ വന്ന് തന്റെ സഖിയെ വീണ്ടും താലിയും മാലയും ചാർത്തിയാൽ അറുപതാണ്ടിനു ശേഷമുള്ള ജീവിതം ആനന്ദപൂര്‍ണമായിരിക്കും. മാത്രമല്ല  മുക്തിയും ലഭിക്കും എന്ന് അനുഭവസ്ഥർ പറയുന്നു.

യമനെ വധിച്ച് പരമശിവന്‍ മാര്‍ക്കാണ്ഡേയനെ രക്ഷിച്ച സ്ഥലമാണ് തിരുക്കടൈയൂരെന്നാണ് ഐതീഹ്യം. ദീർഘായുസ്സിന് വേണ്ടിയും  പലരും ഇവിടെ വന്ന് പ്രാര്‍ഥിക്കാറുണ്ട്. വീരഭാവമുള്ള ശിവനാണ് പ്രതിഷ്ഠ. അഭിരാമിയമ്മയും കള്ളവാരണന്‍ എന്നു വിളിപ്പേരുള്ള ഗണപതിയുമാണ് ഇവിടത്തെ മറ്റു പ്രധാന പ്രതിഷ്ഠകള്‍.

അഭിപ്രായങ്ങളൊന്നുമില്ല: