Keyman for Malayalam Typing

അദ്ധ്യാത്മരാമായണത്തില്‍ നിന്നും...

എന്റെ മനസ്സില്‍  വിഷാദമുണ്ടാക്കാറുള്ള അദ്ധാത്മരാമായണത്തിലെ ചില വരികളാണ്   താഴെ     കൊടുത്തിട്ടുള്ളത് . അയോദ്ധ്യാകാണ്ടത്തില്‍  ഭരതരാഘവ സംവാദത്തിലെതാണിത്.

ശ്രീരാമന്റെ ഉപദേശത്തില്‍ തൃപ്തനാവാത്ത ഭരതന്‍ മരണംവരെ ഉപവാസം നടത്തുന്നതിനു ശ്രമം തുടങ്ങി.

“നിത്യോപവാസേന ദേഹമുപേക്ഷിപ്പ-

നിത്യേവമാത്മനി നിശ്ചയിച്ചന്തികേ”

ഭരതന്റെ നിര്‍ബന്ധ  ബുദ്ധികണ്ട ശ്രീരാമന്‍ കുലഗുരുവായ വസിഷുമഹര്‍ഷിയോട്  തന്റെ അവതാരരഹസ്യമെന്താണെന്ന് വ്യക്തമാക്കാന്‍  നയനാന്തസംജ്ഞയാ   അഭ്യര്‍ഥിച്ചു. അങ്ങിനെ വസിഷുമഹര്‍ഷി ശ്രീരാമനാരാണെന്നും ദൗത്യം രാവണവധമാണെന്നും അതുകൊണ്ട് ദൗത്യം നിര്‍വഹിക്കുവാന്‍ സഹായിക്കണമെന്നും ഭരതനെ ഉപദേശിച്ചു.

 

യാഥാര്‍ഥ്യം മനസ്സിലാക്കിയ ഭരതന്‍ ആവശ്യപ്പെടുന്നത് എന്താണെന്ന് നോക്കൂ!

“പാദുകം ദേഹി രാജേന്ദ്ര! രാജ്യായതേ

പാദബുദ്ധ്യാ മമ സേവിച്ചു കൊള്ള്വാന്‍‌.”

(മെതിയടി തരൂ രാജേന്ദ്രാ!)

‘ഉത്തമരത്ന വിഭൂഷിത പാദുകാമുത്തമാംഗേ  ചേര്‍ത്ത് ’ പരിവാരസമേതം മടങ്ങി. എവിടേക്ക് ? അയോദ്ധ്യയിലേക്കല്ല. അതിനടുത്തായുള്ള നന്ദിഗ്രാമത്തില്‍. (ഈ ഗ്രാമത്തിന്റെ പേരുള്ള ഒരു ഗ്രാമം ബെംഗാളിലുണ്ട് ). അവിടെ   പര്‍ണശാല തീര്‍ത്ത് രാമപാദുകം പ്രതിഷ്ഠിച്ച് ശ്രീരാമന്റെ പ്രതിനിധിയായി രാജ്യസേവനമാരംഭിച്ചു.

“താപസവേഷം ധരിച്ചു ഭരതനും

താപേനശത്രുഘ്നനും വ്രത്റത്തോടുടന്‍‌”


രാജ്യം നിനക്കും വിപിനം എനിക്കുമായാണ് , പൂജ്യനാം താതന്‍ വിധിച്ചിരിക്കുന്നത്. സത്യധര്‍മത്തെക്കുറിച്ചുള്ള ഭരതന്റെ ആശയക്കുഴപ്പത്തെ സത്യപരിപാലനം തന്നെയാണ് ധര്‍മപരിപാലനമെന്ന് വ്യക്തമാക്കി ശ്രീരാമന്‍ പരിഹരിച്ചു.

 

അര്‍ഹതയില്ലാത്തതൊക്കെ ആഗ്രഹിക്കുന്ന ഇക്കാലത്ത്  തനിക്ക് രാജ്യാധികാരം ഏല്പിക്കരുതെന്ന് പറഞ്ഞ് മരണംവരെ ഉപവാസം ചെയ്യാന്‍ തയ്യാറായ അയോധ്യയിലെ നിയുക്ത രാജാവായ ഭരതനു സമാനമായി ലോകചരിത്രത്തില്‍ വേറൊരു വ്യക്തിയും ഉണ്ടായതായിട്ടറിവില്ല.

“പാദുകം വെച്ചു സിംഹാസനേ രാഘവ-

പാദങ്ങളെന്നു സങ്കല്പിച്ചു സദരം

ഗന്ധപുഷ്പങ്ങള്‍‌ കൊണ്ടു പൂജിച്ചു കൊ-

ണ്ടന്തികേ സേവിച്ചു നിന്നാനിരുവരും.”

അധികാരപദവിയേക്കാളും ധാര്‍മിക മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്കിയ ഭരതന്‍ നിത്യവിസ്മയമാണ്. പദവിക്കും അധികാരത്തിനും വേണ്ടി അധാര്‍മികമായി പ്രവര്‍ത്തിക്കുന്നവര്‍ ഭരതന്റെ ത്യാഗോജ്ജ്വലമായ ജീവിതം മാതൃകയാക്കേണ്ടാണ്.

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: