Keyman for Malayalam Typing

രാഭണന്‍

പലവിധത്തിലുള്ള ന്യായങ്ങള്‍‌  നമ്മളുടെ ദൈനം ദിന ജീവിതത്തില്‍‌ ഉപയോഗിച്ചു വരുന്നു. ന്യായങ്ങളെ സംബന്ധിച്ച്   ഇതിനു മുന്‍പ്  എഴുതിയ ബ്ലോഗ് പോസ്റ്റാണ്   ന്യായങ്ങള്‍ , മണ്ടൂകപ്ലൂത ന്യായം, സൃഗാല വേദാന്തം  എന്നിവ.

പാര്‍ലിമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ്  അതിന്റെ മൂര്‍ധന്യത്തില്‍‌ എത്തിയിരിക്കുകയാണല്ലോ. ഇപ്പോഴത്തെ സ്ഥിതി വെച്ചു നോക്കിയാല്‍‌ ആരു ജയിക്കും ആരു തോല്‍ക്കും എന്ന് പറയുക വളരെ പ്രയാസം തന്നെ. രാഹൂല്‍‌ ഗാന്ധി ഡെല്‍ഹിയില്‍  ഇന്നലെ ഒരു പത്രസമ്മേളനം നടത്തിയിരുന്നല്ലോ. അദ്ദേഹം പറഞ്ഞത് ശ്രദ്ധിച്ചിരുന്നവര്‍ക്ക്  ഇതെന്താ കോണ്‍‌ഗ്രസ്സ്  പാര്‍ട്ടി  ഇങ്ങിനെയൊരു കുയുക്തി ന്യായം പ്രയോഗിക്കുന്നത് എന്ന് തോന്നിയിരുന്നെങ്കില്‍‌ അത്ഭുതമില്ല.

“ബീഹാറിലെ മുഖ്യന്‍‌   നിതീഷ് കുമാറിന്റെ ഭരണം തരക്കേടില്ല.  ആന്ധ്രയില്‍‌ ചന്ദ്രബാബു നായിടുവിന്റെ ഭരണ കാലവും വലിയ മോശമാണെന്ന്  പറയാന്‍‌ പറ്റില്ല. കമ്മ്യൂണിസ്റ്റ്കാര്‍‌ ഞങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍‌  സഹായിക്കുമെന്ന് എനിക്ക് നല്ല വിസ്വാസമുണ്ട് ” ഈ അര്‍ഥത്തില്‍‌   അദ്ദേഹം ചെയ്ത പ്രസ്താവനകള്‍‌  ശ്രദ്ധിച്ചാല്‍‌ ഒന്നു മനസ്സിലാകും. രാവണന്‍‌  ഇവിടേയാണ് രാഭണനാകുന്നത് എന്ന്.

രാവണന്റെ സഹോദരന്മാരുടെ പേര്  കുംഭകര്‍‌ണ്ണന്‍, വിഭീഷണന്‍. ഇവക്ക് രണ്ടാമത്തെ അക്ഷരം ‘ഭ’ എന്നിരിക്കെ രാവണനു  മാത്രം എങ്ങിനെ ‘വ’ എന്ന അക്ഷരം വരും?  ശരിയായ പേര് അതുകൊണ്ട് രാഭണന്‍ എന്നാണ് . ഇങ്ങിനെ

അബദ്ധം പറഞ്ഞ്   ആ സംഗതി കുയുക്തി കൊണ്ട് സ്ഥപിക്കുന്നിടത്താണ്  രാഭണ ന്യായം പ്രയോജനപ്പെടുന്നത്.

“കുംഭകര്‍‍ണ്ണോ ഭഗാരോസ്തി

ഭകാരോക്തി വിഭീഷണേ

രാക്ഷസാനം കുലശ്രേഷ്ടാ

രാഭണോ നൈവരാവണഃ”

ഇതു പോലുള്ള പ്രസ്താവകള്‍  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഓരോ നേരത്തായി ഇറക്കുന്നുണ്ട്. മേല്‍പ്പറഞ്ഞത് എറ്റവും അടുത്ത പ്രസ്താവനയായതുകൊണ്ട്  ഉദ്ദരിച്ചുവെന്ന് മാത്രം.

Technorati Tags: