ചിറക്കൽ ചിറ. സ്വപ്നസുന്ദരമായ ഒരു ജലാശയം. സുഖശീതളസമീരനാൽ സമൃദ്ധിപെറ്റ ആ പൊയ്കയുടെ കരയിൽ ഏത്ര നേരം വേണമെങ്കിലും സമയം ചിലവഴിക്കാം. ജലതരംഗാവലികൾ നൃത്തം വെക്കുന്ന ജലപ്പരപ്പിൽ മീൻ കൂട്ടങ്ങളെ കാണാം!
കണ്ണൂര് ചിറക്കൽ കോലസ്വരൂപത്തിന്റെ ശേഷിപ്പുകൾ ബാക്കിനില്ക്കുന്നത് ഈ ജലാശയത്തിന് ചുറ്റുമാണ്. ഇപ്പോൾ വേണ്ടത്ര സംരക്ഷണം കിട്ടാത്തെ പഴുതടഞ്ഞു കൊണ്ടിരിക്കുന്ന ഈ ചിറക്ക് ചുറ്റുമാണ് കിഴക്കേക്കര മതിലകവും മറ്റ് ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്. കോവിലകത്തോട് ചേര്ന്നുളള ആറോളം കുളക്കടവുകളും നശിച്ചു പോയെന്ന് തന്നെ പറയാം. മഴക്കാലമായതോടെ സമീപത്തെ റോഡുകളില്നിന്നുള്ള മലിന ജലം പേറേണ്ട അവസ്ഥയിലാണ് ചിറ. കൂടാതെ പ്ലാസ്റ്റിക്മാലിന്യം കൊണ്ടുള്ള ശല്യവും.
2016 ലെ മഴക്കാലത്ത് ഈ ചിറ എങ്ങിനെയുണ്ടെന്ന് ഷൈജുറാമെടുത്ത ഫോട്ടൊവിൽ നിന്നും മനസ്സിലാക്കാം! ചിത്രം 👇🏿 കീഴെ.
ചിറക്കല് കടലായി ശ്രീകൃഷ്ണക്ഷേത്രം, വളപട്ടണം കളരിവാതുക്കല് ഭഗവതിക്ഷേത്രം തുടങ്ങി അഞ്ചോളം ക്ഷേത്രങ്ങളുടെ ഉത്സവങ്ങളുടെ ഭാഗമായുള്ള ആറാട്ട് നടക്കുന്നതും ചിറക്കല് ചിറയിലാണ്. ക്ഷേത്രങ്ങളുടെ ആറാട്ട് മണ്ഡപങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
15 ഏക്കര് പരപ്പുള്ള ചിറക്കല് ചിറ കണ്ണൂരിലെ ഏറ്റവും വലിയ ജലസംഭരണി കൂടിയാണ്. ചിറക്കല്ചിറ മാലിന്യം നിറഞ്ഞ് നശിക്കുന്നുചിറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചില സംഘടനകള് രംഗത്ത് വന്നിരുന്നു. ചിറയില് പായലും ചെളിയും നിറഞ്ഞത് സമീപവാസികള് പലപ്പോഴും വൃത്തിയാക്കാറുണ്ട്. റോഡരികിലെ ചെളിവെള്ളവും മണ്ണും ചിറയിലേക്ക് പതിക്കാതിരിക്കാന് മതില്കെട്ടി സംരക്ഷിച്ചിരുനെങ്കില് എന്ന് ആശിച്ചു പോകുന്നു.
കേരള ഫോക്ലോര് അക്കാദമി സ്ഥിതിചെയ്യുന്നതും ചിറക്കല് ചിറക്ക് സമീപത്ത് തന്നെ. ഫോക്ലോര് അക്കാദമി ഉദ്ഘാടന വേളയില് ചിറക്കല് ചിറ സംരക്ഷിക്കുമെന്ന് ഒരു മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ലന്ന് നാട്ടുകാര് പറയുന്നു. അഴീക്കൊട് ഗ്രാമത്തിന്റെ തൊട്ട് കിഴക്ക് ഭാഗത്തായാണ് ചിറക്കല്ചിറ.