ഒരു വിദ്യാലയത്തിൽ കുറച്ച് വിദ്യാർത്ഥികൾ ഇടക്കിടക്ക് ക്ലാസിൽ കയറാതെ കറങ്ങി നടക്കുക പതിവായിരുന്നു.
അധ്യാപകർ ഉപദേശിച്ചും ശിക്ഷിച്ചുമൊക്കെ മടുത്തു.
അങ്ങനെയിരിക്കെ ഒരു മാതൃകാ അധ്യാപകൻ ആ സ്കൂളിലേക്ക് വന്നു ചേർന്നു.
മറ്റ് അധ്യാപകരിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ അധ്യാപകൻ എല്ലാ കുട്ടികളേയും വിളിച്ചു വരുത്തി സ്കൂളിന്റെ ഒരു ഭാഗത്ത് അവരെക്കൊണ്ട് ചെടികൾ നട്ടു പിടിപ്പിച്ചു.
എന്നും സ്കൂളിൽ വന്നാലുടൻ തങ്ങൾ നട്ടത് ഏത് ചെടിയാണോ അതിന് വളമിടുക വെള്ളമൊഴിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുവാൻ നിർദ്ദേശിച്ചു.
കുട്ടികൾ അതനുസരിച്ച് പോന്നു.
വർഷാവസാനം അധ്യാപകൻ കുട്ടികളെ എല്ലാവരേയും വിളിച്ച് അവരവർ പരിചരിച്ച ചെടിയുടെ അടുത്ത് പോയി നിൽക്കുവാൻ ആവശ്യപ്പെട്ടു.
കുട്ടികൾ അനുസരിച്ചു.
ബഹുഭൂരിപക്ഷം ചെടികളും പടർന്ന് പന്തലിച്ച് പൂത്തുലഞ്ഞ് നിന്നിരുന്നു.
ചില ചെടികളാകട്ടെ മുരടിച്ച് തല നരച്ച് വാടിക്കുഴഞ്ഞും പോയിരുന്നു.
മുരടിച്ച ചെടികൾ സ്ഥിരം ക്ലാസ്സിൽ എത്താത്തവരുടേതായിരുന്നു.
അധ്യാപകൻ പറഞ്ഞു,
" ഇങ്ങനെയാണ് നിങ്ങളുടെ ഭാവി രൂപീകൃതമാകുന്നത് .ചെടികളെ നിത്യം വളമേകി വെള്ളം വീഴ്ത്തിയപ്പോൾ അവ പടർന്ന് പൂത്തുലഞ്ഞത് പോലെ നിത്യം ക്ലാസ്സിലെത്തി പഠിക്കാനുള്ളവ നിത്യേന പഠിക്കുന്ന കുട്ടികളുടെ ഭാവി ശോഭനമാകും. അല്ലാത്തവരുടെ ഭാവിയാകട്ടെ ഈ മുരടിച്ച ചെടികൾ പോലെയും! ''
നമ്മുടെ പ്രവൃത്തി, വിജയത്തിലെത്തിച്ചേരുന്നത് ചിട്ടയായ പ്രവർത്തനത്തിലൂടെയാണ്.
ഇതു മനസ്സിലാക്കി നിരന്തരം പരിശ്രമിക്കുക,
വിജയത്തിലെത്തിച്ചേരുക.
ശുഭദിനം!
***
...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ