ശാസ്താവിന്റെ വാഹനം
🕉️സ്വാമിയേ ശരണം അയ്യപ്പ🙏
ദേവന്റെ അല്ലെങ്കിൽ ദേവിയുടെ സ്വരൂപംഏതിലൂടെ ഭക്തർക്കു സ്പഷ്ടമാകുന്നുവോ (ഭക്തരിലെത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം.
സാധാരണയായി തിര്യഗ് (മനുഷ്യനൊഴികെയുള്ള ജന്തുവര്‍ഗം).രൂപങ്ങളിലൊന്നായിരിക്കും വാഹനമായി പറയുക.
വിഷ്ണുവിനു ഗരുഡൻ, ശിവനു വൃഷഭം, ദുർഗയ്ക്കു സിംഹം, സരസ്വതിക്കു ഹംസം എന്നിങ്ങനെ.’പുലിവാഹനനേ ശരണം പൊന്നയ്യപ്പാ’ എന്ന് ഭക്തിപൂർവ്വം നാം ശരണം വിളിക്കാറുണ്ട്.
പന്തളം രാജ്ഞിയുടെ തലവേദന ശമിപ്പിക്കുന്നതിനു പുലിപ്പാല് തേടിപ്പോയ അയ്യപ്പൻ പുലിരൂപം ധരിച്ച ദേവേന്ദ്രനു മുകളിലേറി കൊട്ടാരത്തിൽ തിരിച്ചെത്തി എന്നാണു ഐതിഹ്യം. അതിനാല് പുലിവാഹനനായ അയ്യപ്പന് ഭക്തമനസ്സുകളില് പ്രതിഷ്ഠിക്കപ്പെട്ടു. എന്നാല് തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളിൽ ശാസ്താവിന്റെ വാഹനമായി പറയുന്നത് കുതിരയെ ആണ്.
ഭഗവാന്റെ ധ്വജപ്രതിഷ്ഠകളിൽ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ.
വാജിവാഹനൻ, തുരഗവാഹനൻ, തുരംഗവാഹനൻ, ഹയാരൂഢൻ, അശ്വാരൂഢൻ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്ത എന്നെല്ലാമാണു തുരഗം (തുരംഗം), അശ്വം, വാജി, ഹയം എന്നീ പദങ്ങള്ക്കെല്ലാമുള്ള സാമാന്യാർത്ഥം.
മനുഷ്യന്റെ ചിന്തകളെയാണു ധർമ്മമൂർത്തിയായ ശാസ്താവിന്റെ വാഹനമായി കല്പ്പിച്ചിരിക്കുന്നത്.
അതിവേഗം സഞ്ചരിക്കുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണ് ഭഗവാന്റെ കയ്യിലാണ്. വ്രതവിശുദ്ധിയാണു കടിഞ്ഞാണ്. ഭക്തന്റെ ചിന്തകളെ നേര്വഴിക്കുനയിക്കുന്നവന് എന്നു സൂചിപ്പിക്കുവാനാണു പ്രതീകാത്മകമായി തുരഗവാഹനനായി ശാസ്താവിനെ പൂർവ്വികരവതരിപ്പിച്ചത്.
കാറ്റിനെ വെല്ലുന്ന വേഗത്തില് പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടിൽ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാൻ എഴുന്നള്ളുന്ന വില്ലാളിവീരനാണു ധർമ്മശാസ്താവ് എന്ന് ഒരു ധ്യാനശ്ലോകത്തിൽ ഭഗവാനെ വന്ദിക്കുന്നതും അതിനാല്ത്തന്നെ ശ്രദ്ധേയമാണ്.
തുടരും...
🕉️സ്വാമിയേ ശരണം അയ്യപ്പ🙏
കടപ്പാട് : അരവിന്ദാക്ഷൻ നായർ KN
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ