Keyman for Malayalam Typing

കാശിയിൽ പാതി കല്പാത്തി - 1





തഞ്ചാവൂര്‍ തനിമ

പാലക്കാട്ടിലെ കല്‍പ്പാത്തിയെക്കുറിച്ച് കേട്ടിട്ടില്ലേ?
തഞ്ചാവൂരിൽ നിന്നും കുടിയേറിപ്പാർത്ത
ബ്രാഹ്മണസമൂഹം ആണ് ഇവർ.   തമിഴ് രീതികള്‍ ഒന്നൊന്നായി പ്രചരിപ്പിച്ചു  ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഒരു തഞ്ചാവൂര്‍ തനിമ പാലിക്കാന്‍ അവര്‍ ശ്രമിച്ചു വന്നു. അതിലേറ്റവും പ്രസിദ്ധം കല്‍പ്പാത്തി രഥോത്സവത്തിനാണ്. ദിവസങ്ങള്‍ നീളുന്ന ഉത്സവമാണ്,  പാലക്കാടിന്റെ പെരുമ വിളിച്ചോതുന്ന രഥോത്സവം. 

ഇവിടുത്തെ രഥങ്ങള്‍ക്ക് കാശി വിശ്വനാഥ ക്ഷേത്ര ഗോപുരങ്ങളോടും മേല്‍ക്കൂരയോടും കൃത്യമായ സാമ്യമാണുള്ളത്. പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ശില്‍പ്പികളാണ് രഥം തയ്യാറാക്കുന്നത്. രഥം പൂര്‍ണരൂപത്തില്‍ തയ്യാറാകുന്നതോടെ കാശി ക്ഷേത്രത്തിലെ മഹാ ചൈതന്യ സാന്നിദ്ധ്യം മൂന്ന് ദിവസത്തേക്ക് ഈ രഥങ്ങളില്‍ ആവാഹിക്കപ്പെടുമെന്നാണ് ഐതിഹ്യം. ശ്രീവിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതീക്ഷേത്രം, ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതീക്ഷേത്രം, പുതിയ കല്‍പ്പാത്തി ക്ഷേത്രം എന്നിവിടങ്ങളിലെ തേരുകളാണ് അഗ്രഹാര വീഥികളിലൂടെ കാഴ്ചയെ വര്‍ണാഭമാക്കി ഉരുളുക. രഥോത്സവം കൊടിയേറിയ ശേഷം നടക്കാറുള്ള ചെറിയ ദേവരഥങ്ങളുടെ സംഗമം കണ്ടുതൊഴാന്‍ മുപ്പത്തിമുക്കോടി ദേവകള്‍ എത്തുമെന്നാണ് വിശ്വാസം.  

ദേവരഥസംഗമം

വേദമന്ത്രജപത്താല്‍ മുഖരിതമാകുന്ന അഗ്രഹാര വീഥികളിലൂടെ ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങള്‍ തൊട്ടുവണങ്ങാനും, തേര് വലിക്കാനും ഭക്തരുടെ വന്‍ തിരക്കാണ്. സമാപനത്തില്‍ അഞ്ച് രഥങ്ങള്‍ അണിനിരന്നിരിക്കും. സായംസന്ധ്യയില്‍ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്മണ്യന്‍, ലക്ഷ്മീനാരായണ പെരുമാള്‍, പ്രസന്ന മഹാഗണപതി എന്നിവിടങ്ങളില്‍ നിന്നുള്ള തേരുകള്‍ തേരുമുട്ടിയില്‍ സംഗമിക്കുന്നതോടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാവും. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ പൂജാവിധികളും ശൈലിയുമാണ് കല്‍പ്പാത്തി രഥോത്സവത്തിലും കാണുക. ദേവരഥ സംഗമത്തിന് ആയിരങ്ങള്‍ സാക്ഷിയാകുന്നു. 

കടപ്പാട്: സിജ പി.എസ്.

അഭിപ്രായങ്ങളൊന്നുമില്ല: