ദേവതയും ഈശ്വരനും
ദേവതയും ഈശ്വരനും തമ്മിലുള്ള വ്യത്യാസം എന്താണ് ?
ഈ വിഷയം അത്യന്തം സൂക്ഷമാണ്. അനുഭവത്തിൻ്റെ വെളിച്ചത്തിൽ അറിയേണ്ട വസ്തുതയാണ്. ഈശ്വരൻ സൃഷ്ടിക്കാവശ്യമാണ്. സർവവ്യാപകനും സർവശക്തിമാനും സർവജ്ഞനുമാണ്. അവൻ പൂർണ്ണ ചൈതന്യമാണ്. അനാദിയും അനന്തനും, ന്യായകാരിയും അനശ്വരനും, അനുപമനും ദയാലുവും ജനിക്കാത്തവനും അദ്വൈതവുമാണ്.ഈശ്വരനിൽ എല്ലാ ദേവതകളും കുടിയിരിക്കുന്നു. കണ്ണും കണ്ണിൻ്റെ ദേവതയായ കാഴ്ചയും അതിൻ്റെ ഉറവിടമായ സൂര്യനും സൂര്യൻ്റെ ദേവതയായ പ്രകാശവും, വൈവും, അഗ്നിയും, ആദിത്യനും, രശ്മിയും എല്ലാം ഈശ്വരനിൽ കുടിയിരിക്കുന്നു. ഇതിൻ്റെ അർഥം ലളിതം - കണ്ണും കാഴ്ചശക്തിയും ഈശ്വരനല്ലാത്തതുപോലെ സൂര്യനും പ്രകാശവും രശ്മിയും ഒന്നും തന്നെ ഈശ്വരനല്ല. ആ ഈശ്വരനെ സൂര്യൻ പ്രകാശിപ്പിക്കുന്നില്ല. ചന്ദ്രനും പ്രകാശിപ്പിക്കുന്നില്ല. ഈശ്വരൻ്റെ പ്രകാശത്തെ പിൻതുടർന്നാണ് സൂര്യൻ പ്രകാശിക്കുന്നത് എന്ന് ഉപനിഷത്ത്.
കണ്ണിനു കാഴ്ച നൽകുന്ന, കണ്ണിനും കണ്ണായ പൊരുളായ കണ്ണനെ കാണാൻ കണ്ണടക്കണമെന്ന് ആചാര്യന്മാർ. രൂപത്തിന് കണ്ണുമായാണ് ബന്ധം. കണ്ണടച്ചാൽ കാണുന്ന കാഴ്ചക്ക് കണ്ണുമായും രൂപവുമായും എങ്ങനെയാണ് ബന്ധമുണ്ടാവുക? അത് രസമാണ്, അനുഭൂതിയാണ്.
ഒരു വസ്തുവിന് രൂപമുണ്ട്. ശരീരമുണ്ട് എന്നു പറയുമ്പോൾ അതിന് നിലനിൽക്കുവാൻ ഒരിടം വേണം എന്ന് അർത്ഥം. ഒരിടത്ത് ആ വസ്തു അല്ലങ്കിൽ പദാർത്ഥം ഉണ്ട് എന്നതിനർത്ഥം മറ്റിടങ്ങളിൽ അതില്ല എന്നു കൂടിയാണ്. ഈശ്വരൻ ഏകദേശിയല്ല, സർവവ്യാപിയാണ്. ഈശ്വൻ പ്രപഞ്ചത്തിലല്ല, പ്രപഞ്ചം ഈശ്വരനിലാണ് കുടികൊള്ളുന്നത്.
ദ്വാവിമൗ പുരുഷൗ ലോകേ ക്ഷരഞ്ചാക്ഷരാ ഏവ ച
ക്ഷരം (നശിക്കുന്നത്) എന്നും അക്ഷരം (നശിക്കാത്തത്) എന്നും രണ്ടു വിധമുണ്ട്.
'ക്ഷരഃ സർവാണി ഭൂതാനി കൂടസ്ഥോ/ക്ഷര ഉച്യതേ'
ശരീരം ക്ഷരവും ചേതനം അക്ഷരവുമാകുന്നു. പിറക്കാനുള്ള ശരീരങ്ങൾപോലും പുരഷനാണ് എന്നു ഗീത. ജനന മരണങ്ങളില്ലാത്ത ഈശ്വരൻ ജനിക്കുന്നു എന്നല്ല ഈ പറഞ്ഞതിനർഥം എൻ മനസ്സിലാക്കുക. ഇതിനെല്ലാം പുറമെ വേദം തന്നെ പറയുന്നു ഈശ്വരന് ശരീരമില്ല എന്ന്. 'ശരീരമില്ല, വൃണങ്ങളില്ല, നാഡീഞരമ്പുകളില്ല' ( യജുർവേദം 40.8).
മുണ്ഡകോപനിഷത്തിൽ ഒരിടത്തിങ്ങനെ കാണാം. 'അഗ്നിയാണ് അവൻ്റെ ശിരസ്സ്, സൂര്യചന്ദ്രന്മാർ കണ്ണുകൾ, ദിക്കുകളാണു് അവൻ്റെ ചെവി, വേദമാണ് അവൻ്റെ വാക്ക് '. ആധ്യാത്മിക വിദ്യ ഗുരുക്കമാരുടെ കീഴിലിരുന്ന് സ്വായത്തമാക്കേണ്ടതാണെന്നു് ഇങ്ങനെ പല ഉദാഹരണങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു.
(കടപ്പാട്: ആചാര്യശ്രീ രാജേഷ്., curtesy : AN)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ