Keyman for Malayalam Typing

തത്വമസി

 "തത്വമസി"

സാമവേദത്തിലെ ഉപനിഷത്താണ് ഛാന്ദോക്യോപനിഷത്ത്. ഇതിലെ ആറാം അദ്ധ്യായത്തിലാണ് "തത്വമസി" എന്ന മഹാവാക്യം വരുന്നത്.  ഏതൊന്നാണോ ജഗത്തിന് മൂലമായിട്ടുള്ളത് , ഏതൊന്നാണോ സർവ്വത്തിനും ആത്മാവായിരിക്കുന്നത് ആ സത്താണ് സത്യമായിരിക്കുന്നത്. അതാണ് എല്ലാവരിലും ആത്മാവായിരിക്കുന്നത് എന്ന് ശ്വേതകേതുവിന് സ്വന്തം പിതാവ് വിവരിച്ചുകൊടുക്കുന്നു. ഒരു ആൽവിത്തിന്റെ ഉള്ളിൽ നമ്മൾക്ക് ഒന്നും കാണുവാൻ സാധിക്കുന്നില്ലെങ്കിലും അതിൽ നിന്നാണ് ഒരു വൃക്ഷം മുളപൊട്ടി വളർന്നു വലുതാകുന്നത്. സൂക്ഷ്മമായ കാരണത്തിൽ നിന്നും സ്ഥൂലമായ കാര്യം ഉണ്ടാകാമെന്ന് ഒരു ദൃഷ്ടാന്തംകൊണ്ട് വ്യക്തമാക്കുന്നു. ഈ സൂക്ഷ്മഭാവം തന്നെയാണ് ജഗത്തിന്റെയെല്ലാം ആത്മാവായിരിക്കുന്നത്. ഒരു ഉപ്പുകല്ല് വെള്ളത്തിലിട്ടാൽ അത് അലിഞ്ഞു ചേർന്നതിനുശേഷം ഉപ്പിനെ പ്രത്യേകം കാണുവാൻ സാധിക്കുന്നില്ലല്ലോ. അങ്ങനെയാണ് ആത്മാവിന്റെ കാര്യത്തിലും എന്ന്കാണിക്കുന്നു. മൂലകാരണമായ സത്തിനെ നമ്മുടെ ഇന്ദ്രിയങ്ങളെക്കൊണ്ടു അറിയുവാൻ സാധിക്കുകയില്ല. പ്രത്യക്ഷവും അനുമാനവുംകൊണ്ടേ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ എന്ന് ഒരു ഉപായംകൊണ്ട് ശ്വേതകേതുവിന് മനസ്സിലാക്കിക്കൊടുക്കുന്നു. ജ്ഞാനിയിലും അജ്ഞാനിയിലും ഈ കാണുന്ന ജഗത്തിലെല്ലാറ്റിലും ആത്മാവുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഛാന്ദോക്യോപനിഷത്തിന്റെ ആറാം അദ്ധ്യായം അവസാനിക്കുന്നത്.
***

അഭിപ്രായങ്ങളൊന്നുമില്ല: