തിരുവള്ളുവർ
തമിഴ് വേദമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗ്രന്ഥമുണ്ടെങ്കിൽ അത് 'തിരുക്കുരൽ' അല്ലാതെ മറ്റൊന്നാവാൻ സാധ്യതയില്ല! എങ്കിലും ഏതൊരു ദൈവത്തിന്റേയും നാമം ഉച്ചരിക്കാതെയണ് ഇത്രയും ധർമ്മപരമായ ഉപദേശങ്ങൾ രചിച്ചിരിക്കുന്നത് എന്നത് നിരീശ്വരവാദികൾക്ക് പോലും കുരലിനോട് പ്രതേക മമത ഉണ്ടാക്കിയിട്ടുണ്ട്. അങ്ങിനെയുള്ള മഹൽ ഗ്രന്ഥത്തിന്റെ രചയിതാവായ തിരുവള്ളുവരുടെ ദിനമായി എല്ലാ വർഷവും ജനുവരി 16 ലോകം മുഴുവനുമുള്ള തമിഴ് ജനത കൊണ്ടാടുന്നു.
2000 വർഷങ്ങൾക്ക് മുൻപ് രചിച്ച ഈ കൃതി ഭഗവത്ഗീതയെപ്പോലെ പ്രാധാന്യമർഹിക്കുന്ന ശ്ലോക സമാഹാരമാണ്. തിരുക്കുരലിൽ പ്രതിപാദിക്കാത്ത ഏതെങ്കിലും ഒരു വിഷയം ജീവിതത്തിലുണ്ടാകാൻ സാദ്ധ്യതയില്ല! ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട സംഗതികൾ അത്രയും ശുദ്ധമായ തമിഴിൾ 1330 ഈരടികളായി തിരുക്കുരലിലൂടെ ഉപദേശിക്കുന്നു. തമിഴ്ഭാഷയുടെ വളര്ച്ചക്ക് തിരുക്കുരലിന്റെ സംഭാവന മഹത്തായതാണ്. മിക്ക ലോക ഭാഷകളിലും ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
1330 ഈരടി ശ്ലോകങ്ങളാൽ സമൃദ്ധമായ ഈ ഗ്രന്ഥം മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.10 ശ്ലോകങ്ങളുള്ള 133 അദ്ധ്യായങ്ങളാണ് മൊത്തം.
മനുഷ്യധർമ്മത്തെ വെളിപ്പെടുത്തുന്ന 'അറം' ആണ് ഒന്നാമത്തേത്. 38 അദ്ധ്യായങ്ങളാണ് ഇതിനുള്ളത്.
'ധനം' ആണ് രണ്ടാമത്തേത്. സാമൂഹ്യ സാമ്പത്തീകമായ ഉപദേശങ്ങളടങ്ങിയ 70 അദ്ധ്യായങ്ങളാണിതിനുള്ളത്.
മൂന്നാമത്തേത് 'കാമം'. 25 അദ്ധ്യായങ്ങൾ ഉള്ള ഈ വിഭാഗം ജീവിതത്തിലെ മാനസീക വികാരങ്ങൾക്ക് വഴികാട്ടുന്നവയാണ്.
മലബാറിൽ കോട്ടങ്ങളും തെയ്യങ്ങളും സുപരിചിതമാണല്ലൊ! ചന്നൈയിൽ 'വള്ളുവർക്കും ഒരു കോട്ടം' ഉണ്ട്. തിരുവള്ളുവരുടെ ഓർമ്മക്കായി ചെന്നയിൽ ദ്രാവിഡ മുന്നേറ്റ കഴകം രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന, കരുണാനിധിയുടെ ഭരണ കാലത്ത് നിർമ്മിച്ച ഒരു ഓഡിറ്റോറിയം ഉണ്ട്. അതിന്റെ പേരാണ് വള്ളുവർ കോട്ടം. രാഷ്ട്രീയ മുതലെടുപ്പ്പ്പിനു വേണ്ടിയാണ് വള്ളുവരെ പുകഴ്ത്തുന്നത് എന്ന് തോന്നിപ്പോകും ഇവരുടെ പ്രവർത്തനം കണ്ടാൽ. തമിഴ് നാട്ടിന്റെ എല്ലാ മുക്കിലും മൂലയിലും തിരുവള്ളുവർക്ക് പ്രതിമയുണ്ട്. പലകം നോക്കിയാൽ ഡി എം കെ യുടെ പ്രമുഖരുടെ പേരുകൾ മാത്രം കാണാം.
അതുപോലെ കന്യാകുമാരിയിൽ വിവേകാനന്ദ റോക്ക് മെമ്മോറിയൽ പൊലെ, തിരുവള്ളുവർക്കും 133 അടി പൊക്കമുള്ള ഒരു കരിങ്കൽ പ്രതിമ സ്ഥപിച്ചിട്ടുണ്ട്. ഈ പ്രതിമക്ക് 133 അടി ഉയരം കൊടുത്തത് തിരുക്കുരലിലെ മുൻ പറഞ്ഞ 133 അദ്ധ്യായങ്ങളെ ഉദ്ധേശിച്ചാണ്. അതില് 38 പടികളുള്ള തറയ്ക്കു മുകളിലാണ് വള്ളുവരുടെ ശില സ്ഥിതി ചെയ്യുന്നത്. ഈ 38 പടികൾ 'അറം' എന്ന ഒന്നാം ഭാഗത്തിലെ 38 അദ്ധ്യായങ്ങളെ പ്രതിനിധീകരിക്കുന്നു.
അനശ്വരമായ തിരുക്കുരൽ രചിച്ച തിരുവള്ളുവർ ജനിച്ചത് ഇപ്പോഴത്തെ ചെന്നയിലെ മയിലൈ എന്നാണ് ചില വിദഗ്ദരുടെ അഭിപ്രായം. തമിഴ് കലണ്ടർ വള്ളുവരുടെ ജീവിതകാലത്ത് തുടങ്ങിയതാണ്.
ദ്രാവിഡ രാഷ്ട്രീയ കക്ഷികൾ സമയോജിതമായി തിരുക്കുരൽ ഉദ്ദരിച്ചുകൊണ്ടാണ് പലപ്പോഴും പ്രസംഗിക്കുക. സർക്കാരാഫീസുകളിലും തിരുക്കുരലിന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്ന ബോർഡുകൾ നിരവധി കാണാം. തമിഴ് നാട് ഗവ. ബസ്സിലും, വെബ്-സൈറ്റിലും കുരൽ ഈരടികൾ എഴുതി പ്രദർശിപ്പിച്ചിരിക്കും. ആ ഉപദേശങ്ങൾ കർശ്ശനമായി പാലിക്കാത്തതാണ് നമ്മുടെ ഭരണകൂടത്തിന്റെ പന്തികേട്.
തിരുക്കുരൽ മുഴുവനും മനഃപാഠമാക്കി ചൊല്ലുന്ന വിദ്യാർഥികളും ധാരാളം ഉണ്ട്. അടുത്ത പോസ്റ്റിൽ കുരൽ ഈരടികൾ കാണാം.
കുറിപ്പ്:-
‘കുരൽ‘ എന്നാണ് ഉച്ചരിക്കാറുള്ളത്, എങ്കിലും ‘കുറൽ‘ എന്നു വേണം തമിഴിൽ എഴുതുവാൻ.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ