Keyman for Malayalam Typing

ശ്രീരാമ ഭക്തനായ ഹനുമാന് ചാർത്തുന്ന വടമാല

ഇതിനു മുൻപ് ഹനുമൻ ചാർത്തുന്ന വടമാലയെ കുറിച്ച് ഒരു പോസ്റ്റ് കാണാം. അതിനുത്തരമായിട്ടുള്ള വിശദീകരണം ആണിത്. തർക്കിക്കാനല്ല, സ്വയം ബുദ്ധിക്ക് സ്വീകാര്യമായത് വിശ്വസിക്കാം.

...

ശ്രീരാമ ഭക്തനായ ഹനുമാന് ചാർത്തുന്ന വടമാലയെ സംബന്ധിച്ച് നാഥനില്ലാതെ നടക്കുന്ന തിരുത്തൽ നവോത്ഥാനത്തിനെതിരെ പ്രതികരിച്ച് ഒരു  പൂജാരി കൂടിയായ ബ്രാഹ്മണ പണ്ഡിതൻ  മുഖപുസ്തകത്തിൽ എഴുതിയതാണ് ഈ വിവരണം:.


ഉഴുന്ന് ഹിന്ദു ക്ഷേത്രവിധികളിൽ ഒരിടത്തുംഉപയോഗിക്കാറില്ലെന്ന് ആരാ ണ്ടൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്നു. ശരിയാണോ?


ഉഴുന്ന് വേവിച്ച് തേൻ ചേർത്ത് നിവേദിക്കുന്ന അമ്പലത്തിൽ ലേഖകൻ മൂന്ന് വർഷം മേൽശാന്തിയായിരുന്നു. ദൂരെയെങ്ങുമല്ല. നമ്മുടെ മാന്നാറിൽ.


വടക്കൻ പറവൂർ പെരുവാരം മഹാദേവ ക്ഷേത്രത്തിൽ നിത്യവും പാർവ്വതിക്ക് ഇരുന്നാഴി ഉഴുന്നിൻ്റെ വട (മാഷാപൂപം) നേദിക്കുന്നതായി കേട്ടിട്ടുണ്ട്.


നവഗ്രഹ പൂജാവിധികൾക്ക് ഉഴുന്നില്ലാതെ പൂജ ചെയ്യാനേ പറ്റില്ല.


മഹാശുദ്ധി ക്രിയകളുടെ ഭാഗമായ അവഗാഹം എന്ന ക്രിയക്ക് അവഗാഹക്കുറ്റി (പഞ്ജരം) പീഠത്തിൽ ഉറപ്പിക്കുന്നത് ഉഴുന്ന്മാവു കൊണ്ടാണ്. ഈ ക്രിയക്ക് ഉഴുന്ന് മാവ് കൊണ്ട് അവഗാഹക്കുറ്റി പീഠത്തിൽ ഉറപ്പിക്കണം.


ചേർത്തല വേളോർവട്ടം ശിവ ക്ഷേത്രത്തിൽ മേൽശാന്തിയായിരിക്കെ ഇത് ചെയ്തത് ഈ ലേഖകൻ തന്നെയാണ്. 


മറ്റൊന്ന്, ഭഗവതി സേവയ്ക്ക് മാഷാപൂപം നേദിക്കുന്ന സമ്പ്രദായം തന്നെയുണ്ട്. തന്ത്രി പ്രമുഖന്മാരോട് ചോദിക്കാം. മാഷം എന്നാൽ ഉഴുന്ന് അപൂപം എന്നാൽ അപ്പം. ഇവിടെ അർത്ഥം ഉഴുന്നപ്പം എന്നത് ഉഴുന്നുവടയാണെന്ന് നിസ്സംശയം പറയാം.


ഉത്സവങ്ങൾ മൂന്ന് തരം


ധ്വജാദി

അങ്കുരാദി

പടഹാദി


ഇതിൽ അങ്കുരാദി എന്നാൽ മുളയിടീൽ മുതൽ തുടങ്ങുന്നത്. മുളയിടുന്നതെന്താണ്? നവധാന്യങ്ങൾ.

 നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയർ, ഉഴുന്ന്, മുതിര, അമര


അതി സങ്കീർണമായ പ്രാണപ്രതിഷ്ഠാ കർമ്മങ്ങൾ പോലും നവധാന്യങ്ങൾ ഇല്ലാതെ നടത്താനേ പറ്റില്ല. 


ക്ഷേത്ര നിർമ്മാണത്തിന് മുൻപ് സ്ഥല ശുദ്ധി ചെയ്യുന്നതിന് പല വിധികൾ പറയുന്നതിൽ ഒന്ന്, നവധാന്യങ്ങൾ  മുളപ്പിച്ച പുതു നാമ്പുകൾ പശുവിനെക്കൊണ്ട് തീറ്റിച്ച് പശു അവിടെ ചാണകവും മൂത്രവും ഇടണം എന്നാണ്. അപ്പോഴും ഉഴുന്ന് ഒഴിവാക്കാൻ പറ്റില്ല.


ചുരുക്കിപ്പറഞ്ഞാൽ ക്ഷേത്രം നിർമ്മിക്കുന്നതിനു മുൻപ് തന്നെ ഉഴുന്ന് ഉൾപ്പെടുന്ന നവ ധാന്യങ്ങളുടെ ഉപയോഗം തുടങ്ങിക്കഴിഞ്ഞു.


അതുകൊണ്ട് തന്നെ 

 ക്ഷേത്രവിധികളിൽ ഉഴുന്ന് വർജ്യമാണെന്നൊക്കെ പറയുന്നത് ശരിയല്ല


നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന ഒരു കാര്യം തെറ്റാണെന്ന് ഏതോ ഒരാൾ പറഞ്ഞു. അത് ബാക്കിയുള്ളവർ ഏറ്റുപിടിച്ചു. അത്രയേ ഉള്ളു !


കാര്യങ്ങൾ ഇങ്ങനെയൊക്കെ യാണെങ്കിലും ഹനുമാൻ സ്വാമിയുടെ വടമാല തമിഴ് സമ്പ്രദായത്തിൽ നിന്ന് നമ്മൾ അനുകരിച്ചതാണെന്ന് സമ്മതിക്കാതെ വയ്യ. ശുചീന്ദ്രം ഉദാഹരണമാണ്.


വടമാല മാത്രമല്ല പൊങ്കലും (പൊങ്കാല) നാരങ്ങാ വിളക്കും എന്തിന് വൈകിട്ടത്തെ ദീപാരാധനയും കർപ്പൂരാരാധനയും വരെ നമ്മൾ തമിഴിൽ നിന്ന് കടം കൊണ്ടതാണ്. മലയാള ബ്രാഹ്മണ പൂജാ ഗ്രന്ഥങ്ങളിൽ ഒരിടത്തും വൈകിട്ടത്തെ ദീപാരാധന പറയുന്നുണ്ടെന്ന് തോന്നുന്നില്ല.


 പൂജകഴിഞ്ഞാൽ സാധാരണയായി തീർത്ഥം പ്രോക്ഷിക്കുന്നതേ പതിവുള്ളു.


വിശേഷാൽ പൂജകൾക്ക് തേങ്ങ മുറിയിൽ നെയ്യ് നിറച്ച് ഈരണ്ട് തിരിയിട്ട് കത്തിച്ച് അരിയിട്ട താലത്തിൽ വച്ച് ഉഴിയും.  (നീരാഞ്ജനം)


ആചാരലംഘനമൊന്നു മില്ലാത്തതിനാൽ ദീപാരാധനയുൾപ്പെടെ തമിഴ് ആരാധനാ രീതികൾക്ക് നമ്മുടെ പൂർവിക ആചാര്യന്മാർ മൗനാനുമതി കൊടുത്തതാവാം.


കാടടച്ച് വെടി വയ്ക്കുന്നതുപോലെ

 ഹിന്ദു സമൂഹം മുഴുവനും അജ്ഞരാണെന്നും ആ അജ്ഞത ഹിന്ദു പുരോഹിത വർഗത്തിനുമുള്ളതു കൊണ്ടാണിങ്ങനെ സംഭവിച്ചതെന്നും പറഞ്ഞാൽ മിണ്ടാതെ കേട്ടോണ്ടിരിക്കാൻ പറ്റില്ല. 


ഹൈന്ദവ സമൂഹത്തിനും, ഹൈന്ദവ ആചാര്യന്മാർക്കും 

(വേദവ്യാസനും, വാല്മീകിയും ആദിശങ്കരനും മുതൽ ഇങ്ങോട്ട് കൗടില്യനും,

വരരുചിയും കാളിദാസനും, വരാഹമിഹിരനും, ആര്യഭടനും തുടങ്ങി പിൽക്കാലത്തെ ആചാര്യന്മാരും ഇപ്പോഴത്തെ ഗുരുക്കന്മാർ വരെ)

ഉണ്ടായിരുന്ന ജ്ഞാനം, വടമാല തിരുത്തിയെഴുതിയവന് തപസ്സ് ചെയ്താലും കിട്ടില്ല.  


അയളുടെ ഉദ്ദേശം വേറെയാണ്...


ചന്ദനക്കുടത്തിന് എഴുന്നള്ളിക്കുന്ന ആനയ്ക്ക് വെയിലും ദാഹവും ക്ഷീണവും ഒന്നും പ്രശ്നമല്ല. പൂരത്തിൻ്റെ കാര്യം വരുമ്പോൾ 'മിണ്ടാപ്രാണിയെ പീഡിപ്പിക്കുന്നു'..


പല ദിവസം കടഞ്ഞ് തഴമ്പിച്ച തൊലിയിൽ ഒരു സ്വർണനൂൽ കടത്തിയാൽ ബാല പീഡനം. സുന്നത്തും, അതിനേക്കാൾ ക്രൂരമായ ചേലാകർമ്മവും ശ്രേഷ്ഠം...


ഹിന്ദുക്കൾ ചെയ്യുന്നതെല്ലാം മണ്ടത്തരമാണെന്നോ, നിയമവിരുദ്ധമാണെന്നോ വരുത്തിത്തീർത്ത് നിർത്തലാക്കിക്കുക. അതാണ് അത് മാത്രമാണ് ലക്ഷ്യം.


അറിയാതെയാണെങ്കിലും നമ്മളിൽ ചിലരും അതിൽ പങ്കുചേരുന്നു. അങ്ങനെയാണ് ഈ വടമാല പോസ്റ്റ് വൈറൽ ആയത്. 


☸ഇനിയെങ്കിലും ഇത് ഷെയർ ചെയ്യരുതെന്ന് നമ്മൾ തീരുമാനിക്കണം.


ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പായസവും, വെള്ള നിവേദ്യവുമൊക്കെയാണോ നേദ്യം...?


അല്ല.....!!!!


തിരുപ്പതിയിൽ ലഡ്ഡുവാണെന്ന് കേട്ടിട്ടുണ്ട്. ഈയുള്ളവൻ Ahmedabad ൽ ഉണ്ടായിരുന്നപ്പോൾ അവിടെ ഹനുമാൻ ക്ഷേത്രത്തിൽ പച്ച നിലക്കടലയും പഞ്ചസാര ഉരുക്കി ചെറിയ ഗുളിക രൂപത്തിലാക്കിയ ഒരു സാധനവുമാണ് അവിടെ നേദ്യം.

ഓരോ നാടിന് ഓരോ സംസ്കാരം. ഓരോ ആചാരം. അത് തെറ്റാണെന്ന് പറയാമോ? അഥവാ നമ്മുടെ രീതിയ്ക്ക് അത് തെറ്റാണെങ്കിൽ നൂറ്റാണ്ടുകൾക്കു മുമ്പേ എന്തിന് അനുകരിച്ചു തുടങ്ങി?


 അന്ന് അതിന് അനുമതി കൊടുത്ത നമ്മുടെ പൂർവികർ വരെ മണ്ടന്മാരാണെന്നാ ഇതെഴുതിയ 'വിദ്വാൻ'  പറയുന്നത്. 


ഉഴുന്ന് മാംസ്യമാണെന്നാണ് ഇതെഴുതിയ 'ബുദ്ധിമാൻ' പറയുന്നത്. മാംസ്യമാണ് സമ്മതിച്ചു. പക്ഷേ മാംസമല്ല. 


മാംസം = meat

മാംസ്യം = protein


നാം നമ്മുടെ ക്ഷേത്രങ്ങളിൽ നേദിക്കുന്ന വെള്ള നേദ്യവും പായസവും ഉണ്ടാക്കുന്ന ഉണക്കലരിയിൽ മാംസ്യം (protein) ഇല്ലേ..?


ഉണ്ട് ....!!!!


100 gram ഉണക്കലരിയിൽ 5.53 gram (protein) ആണ്. Google ൽ search ചെയ്ത് നോക്കാം. Google പറയുന്ന result പരിശോധിക്കൂ ...


ഇനി ഇതെങ്ങാനും ആ 'ബുദ്ധിമാൻ' അറിഞ്ഞാൽ ഞങ്ങൾ കുറച്ച് വിവരമില്ലാത്ത ബ്രാഹ്മണ പുരോഹിതർ ദേവൻമാർക്കും ദേവിമാർക്കും മാംസ്യാഹാരം നേദിക്കുന്നു. അതുകൊണ്ട് പായസവും വെള്ള നേദ്യവും നിർത്തണം എന്ന് പറഞ്ഞ് കളയുമോ.......?


രണ്ട് വർഷത്തോളം മാവേലിക്കര കരയംവട്ടത്ത് ഹനുമാൻ സ്വാമിക്ക് നിത്യവും ധാരാളം വടമാല ചാർത്തിയിരുന്ന എനിക്ക് 

നമ്മുടെ ഹനുമാൻ സ്വാമിയുടെ ഇഷ്ട വഴിപാട് നിന്നുപോകാൻ ഇടയാകരുത് എന്നൊരു പ്രാർത്ഥനയുണ്ട്. നമ്മൾ അതിന് കാരണക്കാരാകരുത്


അപേക്ഷയാണ്...


അഭിപ്രായങ്ങളൊന്നുമില്ല: