കൊട്ടിയൂരില്‍ വൈശാഖോത്സവത്തില്‍ നടക്കുന്ന ആരാധനകളില്‍ മൂന്നാമത്തേതാണ് രേവതി ആരാധന. അത് നാളെ വ്യാഴാഴ്‌ച നടക്കും. രേവതി ആരാധന ദിവസം പഞ്ചഗവ്യവും കളഭവും അഭിഷേകമാണ് മുഖ്യ ചടങ്ങ്. ഇതിനാവശ്യമായ വിഭവങ്ങള്‍ പേരാവൂര്‍ കരോത്ത് കുടുംബത്തില്‍നിന്നും കോട്ടയം കോവിലകത്തുനിന്നും എത്തിക്കും.
അഭിഷേകവസ്‌തുക്കളുമായി എത്തുന്ന സംഘത്തെ തേടന്‍ വാര്യര്‍ കുത്ത് വിളക്കുമായി ബാവലിപുഴക്കരയില്‍നിന്ന് അക്കരെ ക്ഷേത്ര സന്നിധിയിലേക്ക് ആനയിക്കും. അഭിഷേകവസ്‌തുക്കളും കളഭാട്ടസാധനങ്ങളും ''മച്ചന്‍'' സ്ഥാനികന്‍ ഏറ്റുവാങ്ങി സൂക്ഷിക്കും. പൂജയ്‌ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ച് നല്‍കന്നതും ഇദ്ദേഹമാണ്.
ആരാധനയോടനുബന്ധിച്ച് ഉച്ചയ്‌ക്ക് നടക്കുന്ന ശിവേലി പൊന്നിന്‍ശീവേലി എന്നറിയപ്പെടും. ഭഗവാന്റെ തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും സ്വര്‍ണ-രജത കുംഭങ്ങളും വഹിച്ച് മനുഷ്യങ്ങള്‍ ആറുതവണ തിരുവഞ്ചിറയില്‍ വലംവെയ്‌ക്കും. ശീവേലിക്ക്‌ശേഷം പന്തീരടി നിവേദ്യത്തോടൊപ്പം ആരാധനപൂജയും നടക്കും. തന്ത്രി തിരുവത്താഴപൂജയ്‌ക്ക് ശേഷമാണ് പഞ്ചഗവ്യവും കളഭവും അഭിഷേകംചെയ്യുന്നത്. എഴുന്നള്ളത്തിന് ഭഗവതിയുടെ തിടമ്പേറ്റി ധനഞ്‌ജയന്‍ എന്ന ആനയും ഭഗവാന്റെ തിടമ്പേറ്റി കൊട്ടിയൂര്‍ ചന്ദ്രശേഖരനും തിരുവഞ്ചിറയില്‍ വലംവെയ്‌ക്കും. ഭഗവതി മുമ്പിലും ഭഗവാന്‍ പിന്നിലുമായാണ് എഴുന്നള്ളിപ്പ്. മറ്റ് ഉത്സവങ്ങളിലെന്ന പോലെ ആനകള്‍ക്ക് നെറ്റിപ്പട്ടവും, അലങ്കാരവും ഉണ്ടാകില്ല.
പഞ്ചഗവ്യം: പശുവിന്റെ പാല്‍, തൈര്‍, നെയ്യ്, മൂത്രം, ചാണകം എന്നീ അഞ്ചും കൂടിയതാണ് പഞ്ചഗവ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ