ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "പരമശിവൻ". (ശിവം എന്നതിന്റെ പദാർത്ഥം: മംഗളകരമായത്, സ്നേഹം) പൊതുവേ തമോഗുണ സങ്കൽപ്പത്തിലാണ് ശിവനെ കാണുന്നത്. ശിവൻ എന്നാൽ "മംഗളകാരി" എന്ന് അർത്ഥമുണ്ട്. "അൻപേ ശിവം" എന്നാൽ സ്നേഹം എന്നാണ് അർത്ഥം. പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസിലാവുന്നത്. പരബ്രഹ്മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു.
ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതി-പുരുഷൻ) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്. ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ശൈവർ ആരാധിക്കുന്നത്. അതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് ശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവൻ കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ 'വിജയം'ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം.
ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ "വാസുകി".
ഹര ഹര മഹാദേവ !