Keyman for Malayalam Typing

അഹങ്കാരത്തിൻ്റെ ഫലം എന്തായിരിക്കും?

അഹങ്കാരത്തിൻ്റെ ഫലം എന്തായിരിക്കും?

ത്രിഗുണങ്ങൾ മനുഷ്യർ തിരിച്ചറിഞ്ഞാൽ പല നന്മകളും ഉണ്ടാകും. പുരാണങ്ങളിൽ ഇതൊക്കെ യഥേഷ്ടം കാണാം.

നമുക്ക് എത്രമാത്രം കഴിവും പ്രാപ്തിയും ഉണ്ടെങ്കിലും ഭഗവാൻ്റെ അനുഗ്രഹമില്ലാതെ ഒന്നും നേടാൻ സാധിക്കുകയില്ല. നമ്മളാകുന്ന ജീവന് ഈശ്വരനിൽ ലയിക്കാനായിട്ട് തടസ്സം നിൽക്കുന്ന വസ്തു ഏതാണ്? തിരിച്ചറിയുക. തിരിച്ചറിഞ്ഞാൽ അതിനെ ഇല്ലാതാക്കണം.
ഇല്ലതാക്കിയെങ്കിലേ ഈശ്വരനിലേക്കു നമുക്ക് എത്താൻ കഴിയൂ. ആ വസ്തു അഹങ്കാരമാണ്. ഒരുപാടു സ്വരൂപങ്ങളുള്ള അഹങ്കാരത്തിനെ ഇല്ലാതാക്കുക അത്ര എളുപ്പമല്ല. ആയതിനാൽ ആചാര്യന്മാർ  ഈ അഹങ്കാരത്തെ മൂന്നു വിഭാഗമായിതിരിച്ചു. ഒരേസ്വഭാവമുള്ളതിനെ ഒന്നിച്ചാക്കി. അഹങ്കാരത്തിന്റെ ഒന്നമത്തെ സ്വഭാവമാണ് രജോഗുണം.

രജോഗുണം ഏറി നിൽക്കുമ്പോഴാണ് സ്വയം പ്രശംസിക്കുന്നത്. 
രണ്ടാമത്തേത് ശരീരാഭിമാനം. തൻ്റെ  കഴിവുകളിലും സൗന്ദര്യത്തിലും സ്വയം ഉണ്ടാകുന്ന അഭിമാനം. 
മൂന്നാമത്തേത് 'അർത്ഥ ദാര പുത്രേഷണം'.  എനിക്ക് എല്ലാവരേക്കാൾ കൂടുതൽ ധനമുണ്ട്, ഞാൻ ധനവാണ്‌, എൻ്റെ   മക്കൾ ഉന്നതപദവിയിൽ ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യുന്നവരാണ് എന്നതു പോലുള്ള ചിന്ത അഹങ്കാരത്തിൻ്റെതാണു.    

ഈ ത്രിഗുണങ്ങൾക്കും നമുക്ക് മൂന്നു പേരെ ഉദാഹരിക്കാം. ഭാഗവതം ദശമസ്കന്ധത്തിൽ പറയുന്നത് കംസ ൻ്റെയും ശിശുപാലൻ്റെ യും ജരാസന്ധൻ്റെയും ചരിതമാണ്. ഈ മൂന്നു ഗുണങ്ങ ളേയും പ്രതിനിധീകരിക്കുന്നത് ഈ മൂന്നുപേരാണ്. 

രജോഗുണമെന്നു പറയുന്നത് കംസനാണ്. ശരീരത്തിന്റെ അഭിമാനം ജരാസന്ധനാണ്. 'അർത്ഥ ദാര പുത്രേഷണം' ശിശുപാലനാണ്. ദശമസ്കന്ധത്തിൽ പകുതിയും കംസൻ്റെ ചരിതമാണ്. ഭഗവാൻ്റെ ബാല്യകാലവും കൗമാരവുംആയിരുന്ന സമയം. അതു കഴിഞ്ഞു ശിശുപാല ൻ്റെ യും ജരാസന്ധ ൻ്റെയും ചരിതം പറയുന്നുണ്ട്.

കംസൻ എന്നു പറയുന്നത് രജോ-ഗുണമാണ്. നമുക്ക് രജോഗുണമുണ്ടങ്കിൽ എന്തൊക്കെ സംഭവിക്കും?  'കാമക്രോധമദ ' മാത്സര്യാദികൾ എല്ലാം രാജോഗുണത്തിൽനിന്നുണ്ടാകുന്നതാണ്. രജോഗുണമുണ്ടെന്നു നാം മനസ്സിലാക്കുന്നത്  കാമക്രോധമദ മാത്സര്യാദികൾഎല്ലാം ഉള്ള ആളിനാണ്. ഇതിനെ തിരിച്ചറിഞ്ഞു ഇല്ലാതാക്കണം. ഭഗവാൻ കംസനുമായി ബന്ധപ്പെട്ട കാമക്രോധമദ മാത്സര്യാദികളായ എല്ലാവരെയും വധിച്ചു. 

കാമക്രോധമദ മാത്സര്യാദികളുടെ ഉദാഹരണങ്ങളായിരുന്നു പൂതന തുടങ്ങി കംസൻ്റെ   കൂടെയുള്ള അനേകം അസുരന്മാർ. അവരെ എല്ലാം വധിച്ചിട്ടാണ് ഭഗവൻ സാക്ഷാൽ രജോഗുണത്തിൻ്റെ - കംസൻ്റെ അരികിലെത്തുന്നതും രജോഗുണത്തെ ഇല്ലാതാക്കുന്നതും. അഹങ്കാരം എന്നുള്ളതാണ് ഇവിടെ വിഷയം. അഹങ്കാരമുണ്ടായാൽ നാശമായിരിക്കും ഫലം.

ഓം നമോ നാരായണ!

... 

അഭിപ്രായങ്ങളൊന്നുമില്ല: