Keyman for Malayalam Typing

വേദചിന്തകൾ-1

വേദചിന്തകൾ


നാസദീയസൂക്തം:

ദാര്‍ശനികമായ വൈശിഷ്ട്യം ഉള്‍ക്കൊള്ളുന്ന പല സൂക്തങ്ങളും ദശമ മണ്ഡലത്തിലുണ്ട്. നാസദീയ സൂക്തം, ഹിരണ്യഗര്‍ഭസൂക്തം, പുരുഷസൂക്തം, വാക്‌സൂക്തം എന്നിവയെല്ലാം അര്‍ത്ഥമേദുരങ്ങളായ ദാര്‍ശനിക സൂക്തങ്ങളാണ്. ‘നാസാദാസീത്’ എന്ന് ആരംഭിക്കുന്ന നാസദീയസൂക്തം, ഋഷികളുടെ ദാര്‍ശനീയ ഗംഭീരതയ്‌ക്കും ആഴത്തിലുള്ള ആന്തരാനുഭൂതികള്‍ക്കും ഉര്‍വരമായ കല്പനകള്‍ക്കും ഉദ്ഭാവനകള്‍ക്കും ഉത്തമനിദര്‍ശനമായി വര്‍ത്തിക്കുന്നു. സൃഷ്ടിയുടെ ആരംഭത്തില്‍ സത്തും അസത്തും ദിവസവും രാത്രിയും ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം ഉണ്ടായത് കാമമാണ്. അത് സൃഷ്ടിയുടെ വിവിധ തലങ്ങളില്‍ പ്രകടമായി. ആ സമയം ഒരു തത്ത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

‘ആനീദവാതം സ്വധയാതദേകം
തസ്മാദ്ധാന്യന്ന പരഃ കിംച നാസ”

അത് വായുവില്ലാതെ തന്നെ ശ്വസിക്കുകയും തന്റെ സ്വാഭാവിക ശക്തികൊണ്ടു തന്നെ നിലനില്ക്കുകയും ചെയ്തു. പ്രാതിഭമായ വിചിന്തനത്തിലും അനുഭൂതിയിലും കൂടി ഹൃദയത്തില്‍ അദൈ്വതതത്ത്വം വികസ്വരമാക്കുന്നതാണ് നാസദീയ സൂക്തത്തില്‍ വര്‍ണിച്ചിരിക്കുന്നത്.

ഹിരണ്യഗര്‍ഭസൂക്തം:

ആദിയില്‍ ഉത്പന്നനായ ഹിരണ്യഗര്‍ഭന്‍ സമസ്തഭൂതജാതത്തിന്റേയും പാതിയായി, രക്ഷകനായി, ഭൂമിയേയും അന്തരീക്ഷത്തേയും ആകാശത്തേയും സമസ്തവിശ്വത്തേയും ധരിച്ചുകൊണ്ടു നില്ക്കുന്നു. ജാഗ്രത്തായതിന്റേയും സ്വപ്‌നാവസ്ഥയിലുള്ളതിന്റേയും സമഗ്രഭൂതജാതത്തിന്റേയും അധിപതിയും ശാസകനും ആ ഏകനായ ദേവാധിദേവന്‍ തന്നെയായിരുന്നു. മൃത്യുവിന്റേയും അമൃതത്ത്വത്തിന്റേയും ദ്യാവാപൃഥിവികള്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ ഉറച്ചു നില്ക്കുന്നു. ആ പ്രജാപതിക്ക് (‘കഃ’ എന്ന ദേവന്) അല്ലാതെ മറ്റാര്‍ക്കാണ് നാം ഹവിസ്സ് നല്‌കേണ്ടത്? (‘കഃ’ശബ്ദത്തിന്റെ നിരുക്തിയനുസരിച്ച് പ്രജാപതി, ബ്രഹ്മാവ്, അനിര്‍വചനീയ തത്ത്വം എന്നൊക്കെ വിവിധാര്‍ഥങ്ങള്‍ പറയാം. അങ്ങനെ സമഗ്രസൂക്തത്തിനും വിവിധാര്‍ഥങ്ങള്‍ പറയാവുന്നതുമാണ്). എന്നാല്‍ ‘ആര്‍ക്ക്, ഏതു ദേവനാണ് നാം ഹവിസ്സ് അര്‍പ്പിക്കേണ്ടത്?’ എന്ന ചോദ്യരൂപത്തിലും ഇതിന് അര്‍ത്ഥം പറയാവുന്നതാണ്. ചുരുക്കത്തില്‍, ആവര്‍ത്തിച്ചുള്ള ‘കസ്‌മൈ ദേവായ ഹവിഷാ വിധേമ’ എന്ന മന്ത്രാവസാനം ഒട്ടേറെ വിഭിന്നാര്‍ത്ഥങ്ങള്‍ ദ്യോതിപ്പിക്കുന്നു എന്നു മനസ്സിലാക്കാം.

പുരുഷസൂക്തം:

പുരുഷസൂക്തത്തിലാകട്ടെ, പുരുഷനെപ്പറ്റിയുള്ള (പരംപുരുഷനായ ഈശ്വരനെപ്പറ്റിയുള്ള) ആധ്യാത്മിക കല്പനയുടെ ഭവ്യരൂപം പ്രകടമായിരിക്കുന്നു. പുരുഷന് ആയിരം (അസംഖ്യം) ശിരസ്സുകളും ആയിരം (അസംഖ്യം) നേത്രങ്ങളും ആയിരം (അസംഖ്യം) പാദങ്ങളുമുണ്ട്. അവന്‍ ദൃശ്യവിശ്വത്തേക്കാള്‍ വലുതാണ്. ജഗത്തിനെ നാലുവശത്തു നിന്നും വലയം ചെയ്ത് പുരുഷന്‍ അതിനു മുകളില്‍ പത്ത് അംഗുലം കൂടി ഉയര്‍ന്നു നില്ക്കുന്നു. (പത്ത് അംഗുലം എന്നത് പരിമാണാധിക്യം സൂചിപ്പിക്കുന്നതിനുള്ള ഉപലക്ഷകം ആണ്). ജനിച്ചിട്ടുള്ളവയും ജനിക്കാനുള്ളവയും ആയ സകലതും ആ പുരുഷന്‍ മാത്രമാകുന്നു. അമൃതത്ത്വത്തിന്റെ ഈശനും നിയന്താവും അവന്‍ തന്നെ. മരണധര്‍മാക്കളായ പ്രാണികള്‍ക്ക് അന്നം നല്കുന്നവനും അവന്‍ തന്നെ. വിശ്വം മുഴുവന്‍ വ്യാപിച്ചു നില്ക്കുന്ന ഭൂതജാതങ്ങളെല്ലാം പുരുഷന്റെ കാല്‍ ഭാഗമേ ആകുന്നുള്ളൂ. മറ്റു മൂന്നു ഭാഗങ്ങള്‍ അമൃതലോകങ്ങളിലും ദ്യോവിലും നിറഞ്ഞു നില്ക്കുന്നു. ആ പുരുഷന്‍ അസ്പൃഷ്ടനായി എല്ലാത്തില്‍ നിന്നും മീതേ സ്ഥിതി ചെയ്യുന്നു. അവന്റെ മഹിമാവ് അനന്ത വിപുലമാകുന്നു. അവന്റെ അല്പം മാത്രമായ അംശം (സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കായി) വീണ്ടും വീണ്ടും ഭവിക്കുന്നു. അങ്ങനെ ഭോജനാദി വ്യവഹാരങ്ങളുള്ള ചേതനങ്ങളും അതുകളിലാത്ത അചേതനങ്ങളും ആയി അഭിവ്യാപിച്ചിരിക്കുന്നു. ആ സര്‍വവ്യാപ്തമായ ആദി പുരുഷനില്‍ നിന്ന് വിരാട് പുരുഷന്‍ ഉത്പന്നനായി. മറ്റ് ദ്രവ്യങ്ങള്‍ ഒന്നുമില്ലാത്ത ആ അവസ്ഥയില്‍ വിരാഡ്‌രൂപിയെ ഹവിസ്സാക്കി ദേവന്മാര്‍ മാനസയജ്ഞം നടത്തി. പ്രകൃതിയിലുള്ള എല്ലാ വസ്തുക്കളും സൂര്യചന്ദ്രന്മാരും പഞ്ചഭൂതങ്ങളും ആ യജ്ഞപുരുഷന്റെ നാനാ അവയവങ്ങളില്‍ നിന്ന് ആവിര്‍ഭവിച്ചു.

യജ്ഞപരവും പ്രതിരൂപാത്മകവും ദാര്‍ശനികവുമായ പുരുഷസൂക്തം വളരെ ആഴത്തില്‍ അനുശീലനം ചെയ്യപ്പെടേണ്ടതാണ്. അതില്‍ കൂടിയാണ് ഹിന്ദുധര്‍മത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ മുഖ്യമായ സര്‍വേശ്വരവാദം ഉയിര്‍ക്കൊള്ളുന്നത്.

‘പുരുഷ ഏവേദം സര്‍വം
യദ്ഭൂതം യച്ച ഭവ്യം’

ഈ സിദ്ധാന്തം തന്നെയാണ് ‘സര്‍വം ഖല്വിദം ബ്രഹ്മ’ എന്ന വേദാന്ത മഹാവാക്യത്തിലും യജുര്‍വേദീയമായ ശ്വേതാശ്വതരോപനിഷത്തിലെ

‘യസ്മാത് പരം നാ
പരമസ്തി കിംചി
ദൃസ്മാന്നാണീയോ ന
ജ്യായോസ്തി കശ്ചിദ്
വൃക്ഷ ഇവ സ്തബ്‌ധോ
ദിവി തിഷ്ഠത്യേക
സ്‌തേനേദം പൂര്‍ണം
പുരുഷേണ സര്‍വം’
(ശ്വേ. ഉ. 3.9)

എന്ന മന്ത്രത്തിലും പുരാണോക്തങ്ങളായ ‘സത്യം പരം ധീമഹി’, ‘സര്‍വം വിഷ്ണുമയം ജഗത്’ ഇത്യാദി നിരവധി വാക്യങ്ങളിലും കൂടി പ്രഖ്യാപനം ചെയ്യപ്പെട്ടിട്ടുള്ളത്. ഭഗവാന്റെ തിരുവായ്‌മൊഴിയായ ശ്രീമദ് ഭഗവദ്ഗീതയിലെ 13ാം അധ്യായം 12 മുതല്‍ 17 വരെയുള്ള ശ്ലോകങ്ങളില്‍ ഈ സര്‍വേശ്വരവാദം വളരെ മനോഹരമായി പ്രപഞ്ചനം ചെയ്തിരിക്കുന്നതു കാണാം.

ജീവോത്പത്തിയെയും പ്രപഞ്ചോത്പത്തിയെയും പറ്റിയുള്ള ആധുനികശാസ്ത്രത്തിന്റെ പല സങ്കല്പനങ്ങളും ഈ സൂക്തത്തില്‍ അന്തര്‍ഭൂതമായിരിക്കുന്നു.

(കടപ്പാട്: പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി and ഹൈന്ദവ വിശ്വാസങ്ങളൗടെ ശാസ്ത്രീയ വശങ്ങൾ)
***

അഭിപ്രായങ്ങളൊന്നുമില്ല: