Keyman for Malayalam Typing

അർപ്പണ-ബോധം വിജയ സാദ്ധ്യത കൂട്ടുന്നു

അർപ്പണ-ബോധം വിജയ സാദ്ധ്യത കൂട്ടുന്ന

 
അഹന്ത ഇല്ലാതെ കർമ്മം ചെയ്യുമ്പോൾ ദൈവ കൃപയ്ക്കു നമ്മൾ പാത്രമാകുന്നു. 'ഞാന്‍' എന്ന ബോധം എല്ലാ ജീവികളിലും ഉള്ളതാണ്.നമ്മുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും അടിസ്ഥാനമായി നില്ക്കുന്നതും അതാണ്. നമ്മെ ബന്ധനത്തിലേക്കും മോക്ഷത്തിലേക്കും നയിക്കുന്നതും അതുതന്നെ. ഈശ്വരഭക്തികൊണ്ടും വിവേകംകൊണ്ടും തന്റെ പൂര്‍ണതയെ ബോധിക്കുമ്പോള്‍ അതു നമ്മെ മുക്തരാക്കുന്നു. എന്നാല്‍ സ്വാര്‍ഥചിന്തകളിലും സ്ഥാനമാനങ്ങളിലും ഭ്രമമുണ്ടാകുമ്പോള്‍, അത് ദുഃഖത്തിനും ബന്ധനത്തിനും കാരണമാകുന്നു. നമ്മുടെ ബുദ്ധിയെയും വിവേകശക്തിയെയും വഴിതെറ്റിക്കുന്ന ഈ ഭ്രമമാണ് അഹന്ത.
 
അഹന്തയുടെ ശക്തി നാശത്തിന്റെ ശക്തിയാണ്. അതെല്ലാ നന്മകളെയും നശിപ്പിക്കും. ശാന്തിയും സമാധാനവും ഇല്ലാതാക്കുന്ന ദുഷ്ടശക്തിയാണത്. രാവണനും കംസനും ജരാസന്ധനും, അതേ പോലെ കഴിഞ്ഞ നൂറ്റാണ്ടിൽ അഡോൾഫ് ഹിറ്റ്‌ലര്‍ക്കും മറ്റുമുണ്ടായ പരാജയം അഹന്തയ്ക്കുണ്ടായ പരാജയമാണ്. അഹന്തയുടെ ശക്തിക്ക് താത്കാലിക വിജയങ്ങള്‍ മാത്രമേ നേടാന്‍ കഴിയൂ. എന്നാല്‍ അഹന്തയെ ഈശ്വരനില്‍ സമര്‍പ്പിച്ച്, വിശ്വശക്തിയുടെ, ധര്‍മത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞാല്‍, അതുതന്നെയാണ് മുക്തിമാര്‍ഗം.

 പാണ്ഡവന്മാര്‍ രാജ്യം നഷ്ടപ്പെട്ട് വനത്തില്‍ കഴിയുന്ന കാലം. സഹോദരന്മാര്‍ കൂടാരത്തിനുള്ളില്‍ നല്ല ഉറക്കത്തിലാണ്. ഭീമസേനനാണ് കാവല്‍. ഒരു ദിവസം ഒരു രാക്ഷസന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അയാള്‍ കൂടാരത്തിനു നേരെ വരുന്നതുകണ്ട് ക്രുദ്ധനായ ഭീമന്‍ രാക്ഷസനെ മുഷ്ടിചുരുട്ടി ആഞ്ഞിടിച്ചു. അദ്ഭുതമെന്നു പറയട്ടെ, പൊടുന്നനെ രാക്ഷസന്റെ വലുപ്പം ഇരട്ടിയായി. ശക്തിയും ഇരട്ടിച്ചു. ഭീമന്‍ ഓരോ തവണ ഇടിക്കുമ്പോഴും രാക്ഷസന്റെ വലുപ്പവും ശക്തിയും ഇരട്ടിച്ചുകൊണ്ടേയിരുന്നു. രാക്ഷസനെ കീഴ്‌പ്പെടുത്താന്‍ സാധിക്കില്ലെന്നു മനസ്സിലാക്കിയ ഭീമന്‍ കൂടാരത്തില്‍ ചെന്ന് യുധിഷ്ഠിരനെ വിളിച്ചുണര്‍ത്തി. യുധിഷ്ഠിരന്‍ പുറത്തേക്കുവന്ന് രാക്ഷസനോടു പിന്മാറാന്‍ ആവശ്യപ്പെട്ടു. പക്ഷേ, രാക്ഷസന്‍ വീണ്ടും യുദ്ധത്തിനു തയ്യാറായി. യുധിഷ്ഠിരന്‍ ഭഗവാനെ മനസ്സില്‍ ധ്യാനിച്ചു, 'സര്‍വശക്തനായ ഭഗവാനേ, അവിടുത്തെ ശക്തികൊണ്ട് എനിക്കീ രാക്ഷസനെ ജയിക്കാന്‍ കഴിയേണമേ...' ഈ പ്രാര്‍ഥനയോടെ അദ്ദേഹം രാക്ഷസനെ നേരിട്ടു. പൊടുന്നനെ രാക്ഷസന്റെ വലുപ്പം പകുതിയായി. യുധിഷ്ഠിരന്റെ ഓരോ ഇടിയേല്‍ക്കുമ്പോഴും രാക്ഷസന്റെ വലുപ്പവും ശക്തിയും കുറഞ്ഞുകുറഞ്ഞു വന്നു. ഒടുവില്‍ രക്ഷയില്ലെന്നു കണ്ട രാക്ഷസന്‍ ഓടിമറഞ്ഞു.
ഈ കഥയിലെ രാക്ഷസന്‍ എല്ലാ മനുഷ്യരിലുമുള്ള അഹന്തയാണ്, അഹങ്കാരമാണ്. ഭീമസേനന്‍ ഞാനെന്ന ഭാവത്തോടെയാണു രാക്ഷസനെ നേരിട്ടത്. 'ഞാന്‍' എന്ന ഭാവത്തോടെ കര്‍മം ചെയ്യുമ്പോള്‍ അഹങ്കാരം വര്‍ധിച്ചു വര്‍ധിച്ചു വരും. അതു നമ്മെക്കാള്‍ ശക്തിപ്രാപിക്കും. ഒടുവില്‍ അതിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ കഴിയാതെ, അതിന്റെ അടിമയായി തീരും. അങ്ങനെ നാം ബന്ധനത്തിലും ദുഃഖത്തിലും അകപ്പെടുന്നു. എന്നാല്‍ വിവേകിയായ യുധിഷ്ഠിരന്‍ ഈശ്വരനില്‍ സമര്‍പ്പിച്ചാണ് കര്‍മം ചെയ്തത്. അതുകൊണ്ട് അഹങ്കാരമാകുന്ന രാക്ഷസന്റെ ശക്തി ക്ഷയിച്ചുവന്നു. അത്തരം മനസ്സില്‍ ഈശ്വരന്റെ അനന്തശക്തി നിറയുന്നു. അങ്ങനെയുള്ള കര്‍മം നമ്മെ ദുഃഖത്തില്‍നിന്ന് മോചിപ്പിക്കുന്നു.

കര്‍ണന്റെയും അര്‍ജുനന്റെയും ഉദാഹരണവും ഇതുതന്നെയാണ് കാണിക്കുന്നത്. വാസ്തവത്തില്‍ അസ്ത്രവിദ്യയില്‍ കര്‍ണന്‍ അര്‍ജുനനെക്കാള്‍ കേമനായിരുന്നു. എന്നാല്‍, കര്‍ണന്‍ അഹംഭാവത്തോടെയാണ് എപ്പോഴും യുദ്ധംചെയ്തത്. അതിനാല്‍ എല്ലായിടത്തും പരാജയംതന്നെ സംഭവിച്ചു. എന്നാല്‍ അര്‍ജുനന്‍ ഭഗവാനില്‍ അര്‍പ്പിച്ചാണ് യുദ്ധംചെയ്തത്. അതിനാല്‍ എല്ലായിടത്തും വിജയിക്കാന്‍ കഴിഞ്ഞു. അഹന്തയില്ലാതെ കര്‍മം ചെയ്യുമ്പോള്‍ അവിടുത്തെ കൃപയ്ക്കു നമ്മള്‍ പാത്രമാകുന്നു.

സാധാരണയായി നമ്മള്‍ ഏതെങ്കിലും ആഗ്രഹപൂര്‍ത്തിക്കായിട്ടാണ് കര്‍മം ചെയ്യാറുള്ളത്. നമ്മുടെ ശ്രമം ചിലപ്പോള്‍ പരാജയപ്പെടാം, ചിലപ്പോള്‍ വിജയിക്കാം. പരാജയപ്പെട്ടാല്‍ നമുക്കു ദുഃഖമായി. വിജയിച്ചാല്‍ വിജയം ആവര്‍ത്തിക്കാനുള്ള ആഗ്രഹം ബാക്കിയാകുന്നു. രണ്ടായാലും നമുക്കു സമാധാനമില്ല. എന്നാല്‍ ഈശ്വരനില്‍ അര്‍പ്പിച്ചുകൊണ്ട് അവിടുത്തെ കൈയിലെ ഒരു ഉപകരണം എന്ന നിലയില്‍ കര്‍മം ചെയ്യുമ്പോള്‍ വിജയിച്ചാലും പരാജയപ്പെട്ടാലും അത് നമ്മള്‍ അവിടുത്തെ പ്രസാദമായി സ്വീകരിക്കുന്നു. അതിനാല്‍ ജീവിതത്തിലെ ഒരു പ്രതിസന്ധിക്കും നമ്മെ തളര്‍ത്താനാകുന്നില്ല. മാത്രമല്ല, ക്രമേണ അഹന്തയെ പൂര്‍ണമായി ജയിച്ച്, നമ്മുടെ യഥാര്‍ഥ സ്വരൂപമായ ആനന്ദം അനുഭവിക്കുവാന്‍ കഴിയുന്നു.
 
അഹങ്കാരത്തെ മറികടന്നാല്‍ പിന്നെ, 'ഞാന്‍, നീ' 'എന്റേത്', 'നിന്റേത്' എന്ന വ്യത്യാസങ്ങളൊന്നുമില്ല. എല്ലാം ഒരേ ആത്മാവിന്റെ വിവിധ ഭാവങ്ങള്‍. ഈ അവസ്ഥയിലെത്തിയവര്‍ എല്ലാവരെയും എല്ലാത്തിനെയും ഒരുപോലെ സ്വാഗതംചെയ്യുന്നു; സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അതാണ് മതം. അതാണ് ആധ്യാത്മികത.
കടപ്പാട് : സുജ നായർ

അഭിപ്രായങ്ങളൊന്നുമില്ല:

Use Web Keyboard
Show On Screen Keyboard