Keyman for Malayalam Typing

ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം 4

ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം

വ്യാഖ്യാനം


ഓം നമോ നാരായണായ:

ശ്ലോകം 4

സർവ്വശ്ശർവഃ ശിവഃ
സ്ഥാണുർഭൂതാദിർ നിധിരവ്യയ:
സംഭവോ ഭാവനോ ഭർത്താ
പ്രഭവഃ പ്രഭുരീശ്വരഃ

സർവ്വഃ = സർവ്വതിനും സൃഷ്ടിസ്ഥിതി സംഹാരകനായിട്ടുള്ളവൻ;
ശർവ്വഃ = സകലതിനും നാശകാരണമായവൻ; 
ശിവഃ = ഗുണത്രയങ്ങളിൽ നിന്നും മുക്തനായവൻ; 
സ്ഥാണു: = സ്ഥിരനായിരിക്കുന്നവൻ; 
ഭൂതാദി = സകലഭൂതങ്ങൾക്കും കാരണമായവൻ; 
അവ്യയ: = നാശമോ നഷ്ടമോ ഇല്ലാത്തവൻ; 
നിധി: = സകലതുമായ സമ്പത്തിനുടമസ്ഥനായവൻ;
സംഭവഃ = ഉത്കൃഷ്ടജന്മത്തോടു കൂടിയവൻ;
ഭാവന: = സകല ഫലത്തേയും ദാനമായി തരുന്നവൻ;
ഭർത്താ = ഭരിക്കുന്നവൻ;
പ്രഭവ: = സകലഭൂതങ്ങളുടേയും ഉത്ഭവസ്ഥാനമായിട്ടുള്ളവൻ; 
പ്രഭുഃ = സർവ്വകർമ്മങ്ങൾക്കും ഫലങ്ങൾക്കും നാഥനായിട്ടുള്ളവൻ; 
ഈശ്വരഃ = ഐശ്വര്യത്തോടുകൂടിയവൻ, ശ്രേഷ്ഠൻ.

പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികളുടേയും കാരണവും ഗുണത്രയങ്ങളായ സൃഷ്ടിസ്ഥിതി സംഹാര കാരണവുമായ ഐശ്വര്യപൂർണ്ണവും ജനന മരണങ്ങളില്ലാത്തവനായി നിത്യനും വികാരഭേദങ്ങളില്ലാത്തവനുമായ ഈശ്വരൻ എന്ന ചൈതന്യം ഓരോ സൃഷ്ടിയുടേയും കർമ്മഫലത്തെ ദാനമായി തിരികെ തരുന്നവനാണ്. പ്രളയത്തിൽ പോലും നാശമില്ലാതെ വർത്തിച്ചു കൊണ്ടേയിരിക്കും.

(ഒന്നിലും അമിതമായ ആസക്തിയില്ലാതെ തന്റെ ദൗത്യം സ്വാർത്ഥതയില്ലാതെ ക്രിയാത്മകമാക്കിയാൽ അതിന്റെ ഫലം അയാൾക്ക്തിരികെ ലഭിക്കും. അതയാളുടെ ഐശ്വര്യത്തിന് കാരണമാകും. എല്ലാറ്റിലും എന്നിലുള്ളതും ഒരേ ജീവനാണെന്ന ബോധം ഉള്ളവൻ ഉത്തമ വ്യക്തിയാണ്. അവനാണ് ശ്രേഷ്ഠൻ.)

ഓം നമോ ഭഗവതേ വാസുദേവായ:

ഹരി: ഓം!

കടപ്പാട്: അരവിന്ദ് നായർ

ശ്രീവിഷ്ണു സഹസ്രനാമസ്തോത്രം 3

ശ്രീ വിഷ്ണുസഹസ്രനാമ സ്തോത്രo
വ്യാഖ്യാനം

ഓം നമോ നാരായണായ:

ശ്ലോകം 3

യോഗോ യോഗവിദാം
നേതാ പ്രധാന പുരുഷേശ്വര:
നാരസിംഹവപുഃ ശ്രീമാൻ
കേശവഃ പുരുഷോത്തമഃ

യോഗഃ = ജ്ഞാനേന്ദ്രിയങ്ങളെ നിയന്ത്രണാധീനമാക്കി ജീവാത്മാവും പരമാത്മാവും –ഐക്യഭാവത്തെ പ്രാപിക്കുന്നത്. അതു കൊണ്ട് യോഗം എന്നറിയപ്പെടുന്നവൻ.
യോഗവിദാം = യോഗത്തെ അറിഞ്ഞവൻ;
നേതാ = നേതാവ്, നാഥൻ;പ്രധാന പുരുഷേ ശ്വേരഃ = പ്രകൃതിയുടേയും ജീവന്റെയും അധീശൻ
നാരസിംഹവപുഃ = നരസിംഹരൂപം കൈക്കൊണ്ടവൻ; ശ്രീമാൻ = ശ്രീയുടെ അഥവാ ദേവിയുടെ വാസസ്ഥാനമായി അലങ്കരിക്കുന്നവൻ;
കേശവ: = ത്രിഗുണങ്ങളിലും അധിവസിക്കുന്നവനെന്നും ജലത്തിൽ പള്ളികൊള്ളുന്നവനെന്നും അർത്ഥം കല്പിക്കാം.
പുരുഷോത്തമ: = ഉത്തമപുരുഷൻ.
         
ജീവാത്മാ പരമാത്മാ തത്ത്വത്തോടു കൂടി ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു കൊണ്ട് ഏക സ്വരൂപനായി ട്ടുള്ളതും പ്രകൃതിയുടേയും ജീവവന്റേയും നാഥനായിട്ടുള്ള വിഷ്ണു ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മീദേവിയുടെആസ്ഥാനമായി വർത്തിക്കുന്നു. നരസിംഹാവതാര രുപം കൈക്കൊണ്ടു എന്നതു കൊണ്ട് ശത്രുനാശകൻ, അവിവേകത്തെ തോൽപ്പിക്കുന്നവൻ എന്ന് മനസ്സിലാക്കണം.അതിനാലാണ് ഉത്തമപുരുഷൻ എന്ന് പറയുന്നതിന്ഒരു കാരണം. ഇന്ദ്രിയങ്ങളെ അടക്കി നിർത്തിയാൽ കോപ - രാഗ- ദ്വേഷ - വികാരങ്ങൾക്കടിമപ്പെടുകയില്ല. അതിനാൽ അവന് തന്നിൽ തന്നെയുള്ള അവിവേകമെന്ന ശത്രുവിനെ ഇല്ലാതാക്കാൻ സാധിക്കുന്നു. അങ്ങനെയുള്ളവൻ ശ്രേഷ്ഠനാണ്. അയാളിൽ ഐശ്വര്യമെന്ന സവിശേഷത സംജാതമാകുന്നു.

ഓം നമോ ഭഗവതേ വാസുദേവായ:
ഹരി: ഓം!

കടപ്പാ ട്: അരവിന്ദ് നായർ

ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം 2

ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം വ്യാഖ്യാനം

 ഓം നമോ നാരായണായ:


ശ്ലോകം_2 

പൂതാത്മാ പരമാത്മാ ച മുക്താനാം പരമാ ഗതിഃ

അവ്യയ: പുരുഷസ്സാക്ഷീക്ഷേത്രജ്ഞോ /ക്ഷരയേവ ച:

പൂതാത്മാ = പരിശുദ്ധമായ ആത്മസ്വരൂപത്തോടു കൂടിയവൻ;

പരമാത്മാ = പരമമായ ആത്മാവോടു കൂടിയവൻ;

മുക്താനാം = മുക്തിസാധകമായവൻ: 

പരമാഗതി: = ശ്രേഷ്oമായ ഗതിയായിട്ടുള്ളവൻ;

അവ്യയ: = നിർവ്വികാരൻ, നാശമില്ലാത്തവൻ;

പുരുഷ: = ജീവാത്മാവായവൻ, ശരീരത്തിൽ നിറഞ്ഞു നിൽക്കുന്നവൻ;
 
സാക്ഷീ = എല്ലാം ദർശിക്കുന്നവൻ;

ക്ഷേത്രജ്ഞ: = ശരീരത്തെ അറിയുന്നവൻ; 

അക്ഷര: = നാശമില്ലാത്തവൻ: 

ഏവ ച = അങ്ങനെയുള്ളവൻ:

ജീവാത്മാവായി യാതൊരു വികാര ഭേദങ്ങളില്ലാതെ പരിശുദ്ധമായ ആത്മസ്വരൂപമായിഎല്ലാറ്റിലും നിറഞ്ഞു നിൽക്കുകയും എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന എന്നാൽ ഒരിക്കലും നാശം സംഭവിക്കാതെ സദാ പ്രപഞ്ചത്തിൽ വ്യാപരിച്ചു നിൽക്കുന്നവൻ. എല്ലാ ഭൗതിക വസ്തുക്കളിലും മനുഷ്യ ശരീരത്തിലുമുള്ള ജീവൻ എന്ന അവസ്ഥക്ക് ഒരിക്കലും നാശം സംഭവിക്കുന്നില്ല. ശരീരത്തിൽനിന്നും ജീവൻ വേർപെടുമ്പോൾ ശരീരമാണ്നശിക്കുന്നത് അഥവാ സംസ്കരിക്കുന്നത്. ജീവാത്മാവ് മറ്റൊരു ശരീരം തേടി പോകുമെന്നതാണ് സത്യമായത് എന്ന് ചുരുക്കം.

ഓം നമോ ഭഗവതേ വാസുദേവായ:

ഹരി: ഓം!

കടപ്പാട്: അരവിന്ദ് നായർ