Keyman for Malayalam Typing

ചിന്താ പ്രഭാതം


 ചിന്താ പ്രഭാതം

ചില കാര്യങ്ങൾ കണ്ടില്ലെന്നു നടിച്ചാൽ,ചിലത് കേൾക്കില്ലെന്നു വിചാരിച്ചാൽ, ചിലയിടങ്ങളിൽ മൗനം പാലിച്ചിരുന്നാൽ ജീവിതം മനോഹരമാകും. നമ്മുടെ മനോനില മാറ്റുന്ന പ്രകോപനപരമായ സാഹചര്യങ്ങളിൽ ഇവ പാലിച്ചാൽ ജീവിത വിജയവും സുനിശ്ചിതം.

ഈശ്വര കൃപയും സമര്‍പ്പണവും

ഭീമന്‍ ഏകനായി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ഭീമന്‍ ദൂരത്ത് ഗര്‍ഭിണിയായ ഒരു മാന്‍ നില്‍ക്കുന്നതു കണ്ടു. ഭീമനെക്കണ്ട് പേടിച്ചരണ്ട മാന്‍ നാലുദിക്കുകളിലേക്കും നോക്കിയിട്ട് അനങ്ങാതെ നിന്നു. ഭീമന്‍ ചുറ്റും നോക്കിയപ്പോള്‍ അതിന്റെ കാരണം മനസ്സിലായി. മാനിന്റെ മുന്‍വശത്തായി ഒരു സിംഹം അതിനെ പിടിക്കാനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പിറകുവശത്ത് ഒരു വേടന്‍ വില്ലുകുലച്ച് അമ്പെയ്യാനായി ഒരുങ്ങിനില്‍ക്കുന്നു. വേടനെ കണ്ടതുകൊണ്ടാണ് സിംഹം മുന്നോട്ടുവരാതിരുന്നത്. വലതുവശത്ത് അതിശക്തമായി ഒഴുകുന്ന നദി, മറുവശത്ത് ആളിക്കത്തുന്ന കാട്ടുതീ. മാനിനു നാലുചുറ്റും ആപത്തു മാത്രം.

ആ മാന്‍പേടയുടെ ദയനീയാവസ്ഥ കണ്ട് ഭീമന്റെ മനസ്സലിഞ്ഞു. എന്നാല്‍ ഭീമന്‍ നിസ്സഹായനായിരുന്നു. വേടനെ ഓടിക്കാന്‍ ശ്രമിച്ചാല്‍ അതുകണ്ട് മാന്‍ പേടിച്ചോടി സിംഹത്തിന്റെ വായില്‍ചെന്നുചാടും. കാട്ടുതീ അണയ്ക്കാമെന്നുവെച്ചാല്‍ മാന്‍ നദിയിലേക്കു ചാടി ഒഴുക്കില്‍പ്പെട്ടുമരിക്കും. മാനിനെ രക്ഷിക്കാന്‍ ഒരു മാര്‍ഗവും കാണാതെ ഭീമന്‍ ഒടുവില്‍ ഈശ്വരനെ വിളിച്ച്, ”ഭഗവാനേ, ഞാന്‍ തികച്ചും നിസ്സഹായനാണ്. ഈ മാനിനെ രക്ഷിക്കാന്‍ അവിടത്തേക്കു മാത്രമേ സാധിക്കൂ. അവിടുന്നുതന്നെ അതിനെ രക്ഷിക്കണേ” എന്നു പ്രാര്‍ഥിച്ചു.

അടുത്തനിമിഷം മാനത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി, ഭയങ്കരമായി ഇടിവെട്ടി. തുടര്‍ന്ന് അതിശക്തമായ മഴപെയ്തുതുടങ്ങി. ഇടിമിന്നലേറ്റ് വേടന്‍ ബോധംകെട്ടുവീണു. മഴയില്‍ കാട്ടുതീയണഞ്ഞു, സിംഹം ഭയന്നോടിപ്പോയി. ആപത്തെല്ലാമൊഴിഞ്ഞതോടെ മാന്‍പേടയും ഓടിരക്ഷപ്പെട്ടു. ഇതെല്ലാം കണ്ടുനിന്ന ഭീമന്‍ അത്ഭുതപരതന്ത്രനായി

നമ്മുടെ കഴിവിന്റെ പരിമിതിയും ഈശ്വരന്റെ അനന്തമായ വൈഭവവും അറിയുമ്പോള്‍ ഈശ്വരകൃപ ഒന്നുമാത്രമേ നമ്മുടെ പ്രയത്‌നങ്ങളെ സഫലമാക്കൂ എന്നു നമുക്ക് ബോധ്യമാകും. ഭീമന്റെ മനസ്സില്‍ മാന്‍പേടയോടുള്ള കാരുണ്യവും ഈശ്വരനോടുള്ള സമര്‍പ്പണവും ഒന്നിച്ചപ്പോഴാണ് ഭീമന്‍ ഈശ്വരകൃപയ്ക്ക് പാത്രമായത്. പ്രയത്‌നവും കാരുണ്യവും സമര്‍പ്പണവും എവിടെ ഒന്നിക്കുന്നുവോ അവിടെ ഈശ്വരന്‍ തീര്‍ച്ചയായും കൃപ ചൊരിയുന്നു.
***

അഭിപ്രായങ്ങളൊന്നുമില്ല: