Keyman for Malayalam Typing

ഭദ്രകാളിയുടെ ഉപാസന...1

 ഭദ്രകാളിയുടെ ഉപാസന

ഭാരതത്തിൽ പൊതുവെ എല്ലായിടത്തും എല്ലാ ജനവിഭാഗങ്ങളിലും സാർവത്രികമായി പ്രചാരം നേടിയ ഒരു സാധനാമാർഗമാണ് കാളിപൂജ. സംപ്രദായവ്യത്യാസങ്ങൾ എന്ത് തന്നെയുണ്ടായിരുന്നാലും ശരി കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഹിന്ദുക്കളിൽ അതിപ്രാചീനകാലം തൊട്ട് തന്നെ രൂഢമൂലമായിതീർന്ന പദ്ധതിയാണിത്. മിക്ക പുരാണങ്ങളിലും കാളിയെകുറിച്ച് പരാമർശം ഉള്ളതായി കാണാം. ശ്രീ നാരായണഗുരുദേവനും കാളിനാടകം, ഭദ്രകാള്യഷ്ടകം എന്നീ കവിതകൾ സ്വാനുഭവഗീതങ്ങളായി എഴുതിയിട്ടുണ്ടെന്നതും സ്മർത്തവ്യമാണ്.

 ശ്രീചക്രപൂജയിൽ ശ്രീചക്രനായികയായ ശ്രീ ലളിതാ പരമേശ്വരിയുടെ ദ്വാരപാലികയായിട്ടാണ് കാളിയെ കല്പിച്ചിരിക്കുന്നത്. ദേവി ഭാഗവതത്തിൽ ചണ്ഡമുണ്ഡ - സുംഭനിസുംഭന്മാരുടെ വധോദ്യമത്തിൽ ശ്രീ ചണ്ഡികപരമേശ്വരിയുടെ അനുചരയായി സംഹാരകൃത്യം നിർവഹിക്കുന്ന താമസീശക്തിയായും കാളി പുകഴ്ത്തപെടുന്നു. എന്നാൽ തന്ത്രസപര്യയിൽ ദശമഹാവിദ്യകളിൽ ഒന്നായ മഹാകാളിവിദ്യ അനുസരിച്ച്, കാളി സൃഷ്ടിസ്ഥിതിസംഹാരകാരിണിയായ ആദിപരാശക്തിയാണ്.

കാളി ശബ്ദത്തിന്റെ നിർവചനം അതിന്റെ വേദാന്തരഹസ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.

"മഹാകാലസ്യ കലനാത് മഹാകാളീതി സംജ്ഞിതാ"

എന്നിങ്ങനെ മഹാനിർവാണ തന്ത്രത്തിൽ കാളിശബ്ദത്തിന് നിർവചനം കൊടുത്തിരിക്കുന്നത്. അതായത് നിമേഷം തൊട്ട് ബ്രഹ്മപ്രളയം വരെയുള്ള കാലത്തെ കലനം ചെയ്തവൾ- സൃഷ്ടിച്ചവൾ എന്നർത്ഥം. സർവചരാചരങ്ങളും സ്ഥിതി ചെയ്യുന്നത് കാലത്തെ അപേക്ഷിച്ചു കൊണ്ടാണല്ലോ. ഈശ്വരൻ കാലസ്വരൂപനാണ്.

(കടപ്പാട്)

തുടരും...

 

അഭിപ്രായങ്ങളൊന്നുമില്ല: