കലിയുഗത്തെ പറ്റി ഭഗവാൻ ശ്രീകൃഷ്ണൻ പഞ്ച പാണ്ഡവന്മാർക്ക് വെളിപ്പെടുത്തിയ ചില സത്യങ്ങൾ ഏതൊക്കെയാണെന്നറിയണ്ടേ?
പാണ്ഡവർ വാനപ്രസ്ഥത്തിന് പോകുന്നതിന് പുറപ്പെടാനുള്ള സമയം അടുക്കുകയാണ്. മുതിർന്ന ധൃതരാഷ്ട്രർക്ക് ഒരു സംശയം! അത് നിവർത്തിചെയ്യാൻ ഭഗവാൻ ശ്രീകൃഷ്ണനേക്കാൾ ശ്രേഷ്ഠനായി മറ്റാരുണ്ട്!
കൃഷ്ണാ കലിയുഗം വരികയാണല്ലൊ, അതിന്റെ പ്രഭാവം എങ്ങനെയായിരിക്കും ഒന്ന് പറഞ്ഞു തരൂ.
ശ്രീകൃഷ്ണൻ പറഞ്ഞു, ഇതിന്റെ ഉത്തരം എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. നിങ്ങൾ അഞ്ചു സഹോദരങ്ങളും വനത്തിൽ ഓരോ ദിശയിൽ സഞ്ചരിക്കുക. അവിടെ നിങ്ങൾ കാണുന്ന കാഴ്ചകൾ തിരികെ വന്ന് എന്നോട് പറയുക. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ കലിയുഗത്തിന്റെ പ്രഭാവം എന്താണെന്ന് പറഞ്ഞ് ത്രാം.
അതിനു ശേഷം പാണ്ഡവർ അഞ്ചുപേരും അഞ്ചു ദിശകളിലായി വനത്തിലേക്ക് പോയി. അവിടെ അവർ വളരെ വിചിത്രവും അത്ഭുതകരവുമായ കാഴ്ചകളാണു കണ്ടത്!
യുധിഷ്ഠിരൻ (ധർമ്മപുത്രൻ) കണ്ടത് ഒരു ആനയേയാണ്. ഒരു പ്രത്യേകതയുണ്ട്, എന്താണത്? ഇരട്ട തുമ്പിക്കൈയുള്ള ഒരു ആന!
അർജുനൻ കണ്ടത് ഒരു പക്ഷിയെ ആണ്. അതിന്റെ ചിറകിൽ വേദത്തില്നിന്നുള്ള വരികള് ആലേഖനം ചെയ്തിരിക്കുന്നു. പക്ഷെ അത് ഒരു ശവ ശരീരം കൊത്തി തിന്നുന്നുണ്ടായിരുന്നു.
ഭീമൻ കണ്ടത് ഒരു പശുവിനെ ആണ്. പശു അതിന്റെ കുഞ്ഞിനെ നക്കി നക്കി ലാളിക്കുന്നു.
സഹദേവൻ കണ്ടത് നാലഞ്ച് കിണർ, ഒന്നിനു ചുറ്റും മറ്റുകിണറുകൾ. അതിൽ ഒരു കിണറ്റിൽ വെള്ളം ഇല്ല. അടുത്തുള്ള കിണറുകളിൽ നിറച്ച് വെള്ളവും. വെള്ളമില്ലാത്ത കിണറിന് ആഴം കൂടുതലും ആണ്.
നകുലൻ കണ്ടത് മലമുകളിൽ നിന്ന് ഒരു വലിയ പാറ താഴേക്ക് ഉരുണ്ടു വരുന്നതാണ്. വലിയ വൃക്ഷങ്ങൾക്ക് കൂടെ അതിനെ തടഞ്ഞു നിർത്തുവാൻ കഴിയുന്നില്ല. ഒടുവിൽ ഒരു ചെറിയ ചെടിയിൽ തട്ടി അത് നില്കുന്നു!
പഞ്ച പാണ്ഡവർ തിരിച്ചു വന്ന് തങ്ങൾ കണ്ട കാഴ്ചകളെ പറ്റി ശ്രീകൃഷ്ണനോടു പറഞ്ഞു.
യുധിഷ്ഠിരൻ താൻ കണ്ട രണ്ടു തുമ്പികൈയുള്ള ഒരു ആനയെ പറ്റി പറഞ്ഞു.
കൃഷ്ണൻ : നിങ്ങൾ കണ്ടതിന്റെ അർത്ഥം കലിയുഗത്തില് ഭരണാധികാരികൾ രണ്ടു രീതിയിൽ ആയിരിക്കും. പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നും. മനസ്സിൽ കൊണ്ടുനടക്കുന്നത് ഒന്നും പുറത്ത് കാണിക്കുന്നത് മറ്റൊന്നും. അതുകൊണ്ട് നിങ്ങൾ കലിയുഗം വരുന്നതിനു മുൻപ് തന്നെ ഭരണം അവസാനിപ്പിക്കുക.
അർജ്ജുനൻ പറഞ്ഞു : വേദത്തില് നിന്നുള്ള വരികള് ചിറകിൽ ആലേഖനം ചെയ്ത ഒരു പക്ഷിയെയാണു ഞാൻ കണ്ടത്, പക്ഷെ അത് ഒരു ശവ ശരീരം കൊത്തി തിന്നുന്നു! എന്താണ് പ്രഭു അതിന്റെ അർത്ഥം?
ശ്രീകൃഷ്ണൻ : ഇതുപോലുള്ള മനുഷ്യൻ ആയിരിക്കും കലിയുഗത്തിൽ ഉള്ളത് അവർ സ്വയം ജ്ഞാനി ആണെന്ന് പറയും. പക്ഷേ ആചാരം രാക്ഷസന്മാരെ പോലെ ആയിരിക്കും. ആരാണ് മരിക്കാന് പോകുന്നതെന്ന് നോക്കിയിരിക്കും. മരിക്കുന്നവരുടെ സ്വത്ത് കൈകലാക്കാൻ. ഉന്നത സ്ഥാനങ്ങളില് ഇരിക്കുന്നവരുടെ മരണം ആഗ്രഹിക്കും. ആ സ്ഥാനം നേടിയെടുക്കാൻ. ഉന്നത വിദ്യഭ്യാസം സിദ്ധിച്ചവരുടെ ചിന്ത പൈസയും പദവിയും നേടുന്നതിനെ കുറിച്ച് ആയിരിക്കും.
ഭീമൻ പറഞ്ഞു : ഒരു പശുവിനെ ആണ് കണ്ടത്. പശു പ്രസവിച്ചതിനുശേഷം കിടാവിനെ നക്കുന്നു നക്കി നക്കി ലാളിക്കുന്നു.
അപ്പോൾ ശ്രീകൃഷ്ണൻ പറഞ്ഞു കലിയുഗത്തിലെ മനുഷ്യൻ അതുപോലെ ആയിരിക്കും. കലിയുഗത്തിൽ സ്വന്തം കുട്ടികളോടുള്ള വാത്സല്യം അത്രയും കൂടും. ആരുടെയെങ്കിലും പുത്രൻ വീട് വിട്ടു സന്യാസം സീകരിച്ചാൽ 2000 പേർ അയാളുടെ ദർശനം നടത്തും. എന്നാൽ സ്വന്തം കുട്ടി ഒരു സന്യാസി ആകണമെന്ന് പറഞ്ഞാല് മാതാപിതാക്കൾ എന്റെ കുട്ടിയുടെ ഭാവി എന്താകും എന്ന് പറഞ്ഞു കരയും. വാത്സല്യം കൂടി എപ്പോഴും കുട്ടികളെ പറ്റി ചിന്തിച്ചു കൊണ്ടേയിരിക്കും. കുട്ടികളെ വീട്ടിൽ തന്നെ തളച്ചിടും. അഅവരുടെ ബുദ്ധി വികാസത്തിന് അനുവദിക്കില്ല. അവരുടെ ജീവിതം അവിടെ അവസാനിക്കും. പുത്രൻ മരുമകളുടെ സ്വത്താണ്. പുത്രി മരുമകന്റെ സ്വത്താണ്. നിങ്ങളുടെ ശരീരം മരണത്തിന്റെ സ്വത്താണ്. നിങ്ങളുടെ ആത്മാവ് പരമാത്മാവിന്റെ സ്വത്താണെന്നും അറിയുക. അതുകൊണ്ട് നിങ്ങൾ ശാശ്വതമായ ബന്ധത്തിനെ പറ്റി അറിയേണ്ടത് ആവശ്യമാണ്.
ഭീമനു ശേഷം സഹദേവൻ പറഞ്ഞു : ഞാൻ കണ്ടത് നാലഞ്ച് കിണർ ആണ്. അതിൽ നടുക്കുള്ള കിണറ്റിൽ വെള്ളമില്ല. എന്നാൽ ചുറ്റുമുള്ള കിണറുകൾ നിറഞ്ഞു കിടക്കുന്നു . അത് എന്ത് കൊണ്ടായിരിക്കാം?
അപ്പോൾ ശ്രീകൃഷ്ണൻ പറഞ്ഞു. നിറഞ്ഞ കിണര് ഉള്ളവനേയും വരണ്ട കിണര് ഇല്ലാത്തവനേയും പ്രതിനിധാനം ചെയ്യുന്നു. കലിയുഗത്തിൽ ഉള്ളവൻ വിവാഹത്തിനും, ഉത്സവത്തിനും, മറ്റ് ഓരോ ചടങ്ങുകള്ക്കും ലക്ഷകണക്കിന് പൈസ ചിലവാക്കും. എന്നാൽ സ്വന്തം വീടിനടുത്ത് ആളുകൾ പട്ടിണി കിടന്നു മരിക്കുന്നത് അവർ കാണില്ല. അവരുടെ സ്വന്തം ആളുകൾ ദാരിദ്രത്തിൽ കഴിയുമ്പോൾ അവർ ആർഭാടത്തിന് വേണ്ടി പൈസ ദൂര്ത്തടിക്കും. സഹായിക്കാൻ തയ്യാറാകില്ല.
സഹദേവനു ശേഷം നകുലൻ ശ്രീകൃഷ്ണനോട് പറഞ്ഞു. ഞാൻ കണ്ടത് ഒരു വലിയ പാറ മല മുകളിൽ നിന്ന് താഴേക്ക് വരുന്നതാണ്. വലിയ വലിയ വൃക്ഷങ്ങൾക്ക് അതിനെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല. എന്നാൽ ഒരു ചെറിയ ചെടി അതിനെ തടഞ്ഞു നിർത്തി.
അത് കേട്ട് ശ്രീകൃഷ്ണൻ പറഞ്ഞു. കലി യുഗത്തിൽ മനുഷ്യർ അധഃപതിക്കും. അഹങ്കാരികളും പാപം ചെയ്യുന്നവരും ആയി തീരും. അവരുടെ പതനംവലിയ വൃക്ഷം പടര്ന്നു പന്തലിച്ച അവരുടെ സമ്പാദ്യത്തിന് തടുക്കാന് കഴിയില്ല. നാമജപം, വേദങ്ങള് സ്വായത്വമാക്കുക എന്നിങ്ങനെ പോലുള്ള ചെറിയ ചെടികള്ക്കെ അവരെ പതനത്തില് നിന്നും രക്ഷിക്കാന് കഴിയു.
ഹരേ കൃഷ്ണ!
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ