Keyman for Malayalam Typing

പ്രാർത്ഥന എങ്ങനെയാണ് ചെയ്യേണ്ടത് ?

പ്രാർത്ഥന എങ്ങനെയാണ് ചെയ്യേണ്ടത് ? അല്ലങ്കിൽ, പ്രാർത്ഥനയുടെ നേരായ രീതി എന്താണെന്ന് പലരും ചോദിക്കാറുണ്ട്. പ്രാർത്ഥനയുടെ സ്വരൂപത്തെക്കുറിച്ച് വേദത്തിൽ വിശേഷരൂപത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു ഋഗ്വേദമന്ത്രമാണിത്.

"ഓം പ്രിയമേധവദത്രിവജ്ജാതവേദോ
വിരൂപവത്. അങ്ഗിരസ്വന്മഹിവൃത
പ്രസ്കണ്വസ്യ ശ്രുധി ഹവമ്. "
                  
അർഥം:
പ്രിയമേധനെ കേൾക്കുന്നതുപോലെ, അത്രിയെ കേൾക്കുന്നതുപോലെ, വിരൂപനെ കേൾക്കുന്നതു പോലെ, അംഗിരസ്സിനെ കേൾക്കുന്നതുപോലെ, മഹത്തായ വ്രതത്തോടുകൂടിയ, സവ്വജ്ഞനും സർവ്വാന്തര്യാമിയുമായ ഭഗവാനേ, അവിടുന്ന് പ്രസ്കണ്വനായ, എൻ്റെ

 വിളി, പ്രാർത്ഥന കേട്ടാലും.

ഈശ്വരന്റെ മുൻപിൽ രാപകലില്ലാതെ കണ്ണീരൊഴുക്കിയതിനു ശേഷം നമ്മളിൽചിലരെങ്കിലും ചിന്തിക്കാറുണ്ട് , എന്തുകൊണ്ട് ഈശ്വരൻ എന്റെ പ്രാർത്ഥന മാത്രം കേൾക്കുന്നില്ല എന്ന്. അതിനെക്കുറിച്ചു തന്നെയാണ് മന്ത്രവും പറയുന്നത്. പ്രിയമേധന്റെയും, അത്രിയുടെയും, വിരൂപന്റെയും, അംഗിരസ്സിന്റെയും പ്രാർത്ഥന മാത്രമേ അവൻ കേൾക്കുന്നുള്ളൂ എന്ന് !. ഇവരൊക്കെ ആരാണ്?

-
ആർക്കാണോ ഉത്കൃഷ്ടമായ ബുദ്ധി പ്രിയമായിട്ടുള്ളത്,അവനാണ് പ്രിയമേധൻ. ബുദ്ധിയിൽ പ്രിമുള്ളവൻ ബുദ്ധിക്കു യോജിച്ച ഉത്തമ പ്രാർത്ഥനകൾ മാത്രമേ നടത്തൂ. ഒരു കുഞ്ഞിന് ആകസ്മികമായി ഒരു രോഗം പിടിപെട്ടു. രാത്രിയിൽ ഞെട്ടിയുണർന്ന് കരയുവാൻ തുടങ്ങും. രാക്ഷസൻ പിടിക്കാൻ വരുന്നേ എന്ന് അലമുറയിടു. അല്പം കഴിഞ്ഞാൽ ബോധം ക്ഷയിക്കും. കാരണം കണ്ടെത്തി,ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും കുഞ്ഞിന്റെ അച്ഛൻ അതിനെ ഭയങ്കരമായി ശിക്ഷിച്ചിരുന്നു. അവർ ഇതേതോ ദേവീ കോപമാണെന്ന് കരുതി പൂജയും മന്ത്രവാദവും ചെയ്യാൻ തുടങ്ങി. പൂജയും മന്ത്രവാദവും ബുദ്ധിപൂർവ്വകമായ  പ്രാർത്ഥനയാണോ? തീർച്ചയായും അല്ല. അതുകൊണ്ടുതന്നെ അതിനൊട്ടു ഫലവുമുണ്ടാകില്ല. അവനവനു വേണ്ടി ചികിത്സ അച്ഛന്റെ സ്നേഹപൂർവ്വമായ തലോടലും, വാത്സല്യവും, പീഡനങ്ങളിൽനിന്നുള്ള വിടുതലുമായിരുന്നു.  

-
രണ്ടാമൻ അത്രിയാണ്‌. (+ത്രി = വിദ്യന്തേ ത്രയ ആദ്ധ്യാത്മികഭൗതികാധിദൈവികാസ്താപഃ  യസ്യ തദ്വത്) ആധിദൈവികം, ആധിഭൗതികം, ആധ്യാത്മികം എന്നീ മൂന്നു വിഘ്നങ്ങളെയും മാനിക്കാതെ, തൃണവൽഗണിച്ച് മുന്നേറുന്നതിന് പരിശ്രമിക്കുന്നവനാണ് അത്രി. ഭൂകമ്പം, വെള്ളപ്പൊക്കം, അതിവൃഷ്ടി, വരൾച്ച ഇതൊക്കെ ആധിദൈവികബാധകളാണ്. ശത്രുക്കൾ, ഹിംസ്ര ജന്തുക്കൾ, തുടങ്ങിയവയിൽ നിന്നുണ്ടാകുന്ന വിപത്തുകളാണ് ആധിഭൗതികവിപത്തുകൾ. ശാരീരികാരോഗങ്ങൾ, കാമക്രോധാദികൾ എന്നിവയുടെ ആക്രമണമാണ് ആധ്യാത്മിക വിഘ്‌നം. മൂന്ന് വിഘ്‌നങ്ങളെയും മറികടന്ന് മുന്നേറുന്നവനാണ് അത്രി - അത്രിയുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കുന്നു.-

-
ഭക്ഷിക്കുക എന്നർത്ഥം വരുന്ന 'അദ്' ധാതുവിനോട് 'ത്രിപ്' പ്രത്യയം ചേർക്കുമ്പോഴും അത്രി ശബ്ദം നിഷ്പന്നമാകും. കാമക്രോധാദിശത്രുക്കളുടെ വലയിൽ വീഴാതെ അവയെ ഭക്ഷിക്കുന്നവൻ എന്ന് ഇവിടെ അത്രിക്ക് അർഥം ലഭിക്കും. ഇങ്ങനെയുള്ള അത്രിയുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കാതെ പോകില്ല.

തപസ്വിയായ മനുഷ്യനാണ് അംഗിരസ്സ്. (അംഗരേഷ്വങ്ഗിരാ: - നിരുക്തം 3.17) തപസ്സാകുന്ന തീകുണ്ഡത്തിനു മുകളിലാണ് അംഗിരസ്സ് ഇരിക്കുന്നത്. ഉപാസനയും വേദവും സ്വാധ്യായവും യജ്ഞവുമാണ് അവന്റെ തപസ്സ്. ആത്മനിരീക്ഷണത്തിലാണ് അവന്റെ കണ്ണ്. - അംഗിരസ്സിന്റെ പ്രാർത്ഥനയും ഈശ്വരൻ കേൾക്കുന്നു.

കണ്വൻ എന്നതിന് മേധാശക്തിയുള്ളവൻ എന്നർത്ഥം. കണ്വന് മുൻപ് പ്ര എന്ന് ചേർക്കുമ്പോൾ അതിശയകരമായ എന്ന അർഥം സിദ്ധിക്കുന്നു. പ്രസ്കണ്വന് അതിശയകരമായ മേധാശക്തിയോടുകൂടിയവൻ എന്നർത്ഥം. മന്ത്രത്തിൽ പ്രസ്കണ്വൻ പറയുന്നു മഹത്തായ വൃത്തങ്ങളോടുകൂടിയ അഗ്നേ അവിടുന്ന് എപ്രകാരം പ്രിയമേധൻ തുടങ്ങിയവരുടെ പ്രാർത്ഥനകൾ കേൾക്കുന്നു അപ്രകാരം എന്റെയും പ്രാർത്ഥനകൾ സ്വീകരിച്ചാലും. സങ്കടങ്ങളിൽ നിന്ന് നീ എന്നെ ഉയർത്തി നിന്നിലേക്കടുപ്പിച്ചാലും. നീയാണ് മഹാവൃതശാലി.വൃതങ്ങളെ തെറ്റാതെ പാലിക്കുന്ന നിന്നെപ്പോലെ ഞാനും വൃതങ്ങളെ പാലിക്കുന്നവനായി തീരട്ടെ. മഹാവൃതശാലിയായ, അമൃതസ്വരൂപനായ ഈശ്വരാ നിന്റെ കാരുണ്യ വർഷം സദാ എന്നിൽ ചൊരിയേണമേ എന്നാണ് പ്രസ്‌കണ്വന്റെ പ്രാർത്ഥന.

 
ഹരി നാരായണായ നമ
Ref:വേദമുണ്ട്; ജീവിതവിജയം നേടാൻ (  author ആചാര്യശ്രീ രാജേഷ്)

അഭിപ്രായങ്ങളൊന്നുമില്ല: