Keyman for Malayalam Typing

പഴനിമല മുരുക വിഗ്രഹ-വിശേഷങ്ങൾ

പഴനിമല മുരുകൻ്റെ വിഗ്രഹ വിശേഷങ്ങൾ എല്ലാവർക്കും അറിഞ്ഞെന്നു വരില്ല. മുരുക ഭക്തന്മാർ ആ മഹാവിഗ്രഹത്തിൻ്റെ അതിശയോക്തമായ പലതും പറയാറുണ്ട്. അത് എന്തൊക്കെയാണ്? നമുക്ക് വായിക്കാം.

Golden Vimanam, Palani 

പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്‍മ്മിതമാണ്. ഈ വിഗ്രഹത്തിന്‍റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27 നക്ഷത്രങ്ങളില്‍ ഏതു നക്ഷത്രത്തില്‍ ജനിച്ച ആളായാലും നവഗ്ര ഹങ്ങളില്‍ ഓരോന്നും ഏതൊക്കെ ഭാവങ്ങളില്‍ ആണെങ്കിലും ഭോഗര്‍ എന്ന സിദ്ധനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ നവപാഷാണ വിഗ്രഹത്തെ ഒന്നു ദര്‍ശിച്ചാല്‍ മാത്രം മതി സര്‍വ്വ ദോഷങ്ങളും അകന്നു സകല ഐശ്വര്യങ്ങളും ഉണ്ടാകും. പഴനി മുരുകന്‍റെ വിഗ്രഹത്തെ ഒരു മാത്ര നോക്കി നിന്നാല്‍ തന്നെ നവഗ്രഹ ദോഷങ്ങള്‍ ആക്ഷണം തന്നെ വിട്ടൊഴിയും.

ശിവനോടൊപ്പം ശക്തിയെയും ചേര്‍ത്തു ഭജിച്ച ഭോഗരുടെ മുന്നില്‍ ശക്തി ദേവിയായ പാര്‍വതിയുടെ ദര്‍ശനവും ഉപദേശവും ഭോഗര്‍ക്ക് ലഭിച്ചു. പൊതികൈമല (പശ്ചിമ ഘട്ട മല)യില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ ദേവി നിര്‍ദേശിച്ചു. പൊതികൈമലയിലത്തി തപസ്സനുഷ്ഠിച്ച ഭോഗര്‍ക്കു മുന്നില്‍ ബാലമുരുകന്‍ ദര്‍ശനമരുളി അനുഗ്രഹിച്ചു. താന്‍ കണ്ട ബാലമുരുക രൂപം ശിലയില്‍ വാര്‍ത്തെടുക്കണമെന്നും അതു ലോകക്ഷേമത്തിന് വേണ്ടി ഉള്ളതായിരിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. അപ്രകാരം നവ പാഷാണങ്ങളാല്‍ അദ്ദേഹം വിഗ്രഹം നിര്‍മ്മിക്കാന്‍ തുടങ്ങി.

നവം -9, പാഷാണം –വിഷം ,വിഷം തനിയെയാല്‍ വിഷം തന്നെ, എന്നാല്‍ ആ വിഷം മറ്റൊന്നിനോട് ചേരുമ്പോള്‍ അതു ഔഷധമായി മാറും എന്ന പ്രകൃതി സത്യം അദ്ദേഹം മനസ്സിലാക്കി.

ഉന്നതമായ പാഷാണങ്ങള്‍ ഒന്‍പതെണ്ണം തിരഞ്ഞെടുത്തു മുരുക ശിലയുണ്ടാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു വൈദ്യന്‍ എങ്ങനെ ഔഷധം (മരുന്ന്‍ ) നിര്‍ദ്ദേശിച്ചു, അതു കഴിക്കേണ്ട രീതിയും വിശദീകരിക്കുന്നുവോ അതു പോലെ ലോക നന്മയ്ക്കായി പാലിക്കേണ്ട രീതികളും അന്നേ അദ്ദേഹം പറഞ്ഞു വച്ചിരുന്നു.

എത്ര കാലങ്ങള്‍ കഴിഞ്ഞാലും ഈ വിഗ്രഹം സംരക്ഷിക്കപ്പെടണമെന്നും അതെല്ലാവരും കാണുകയും ആരാധിക്കുകയും വേണമെന്നും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. നവ പാഷാണ നിര്‍മ്മിതമായ ബാല മുരുക വിഗ്രഹത്തെ അല്‍പ്പ നേരം ഉറ്റു നോക്കിയാല്‍ ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും ലഭിക്കും. ശിലയില്‍ നിന്നും വരുന്ന കാറ്റ് നമ്മുടെ ശരീരത്തില്‍ തട്ടുമ്പോള്‍ ശരീരത്തിന്‍റെ അകവും പുറവും ശുദ്ധമാകുന്നു.  ആരശ്മികള്‍ പൂര്‍ണ്ണമായും നമുക്കു ലഭിക്കണമെന്നതിനാലാണ് പഴനി മുരുകനെ കൗപീന ധാരിയാക്കി ശിലയുണ്ടാക്കിയത്.  ആശിലയില്‍ സ്പര്‍ശിച്ചു വരുന്ന വസ്തു ഏതായാലും അതുകാറ്റായാലും വെളിച്ചമായാലും അതിനു മാറാവ്യാധികളെ മാറ്റാനുള്ള കഴിവുണ്ട്.

പഴനി മുരുകനായ ദണ്ഡ ആയുധ പാണിയെ ദര്‍ശിക്കുന്നവര്‍ക്കു നവഗ്രഹങ്ങളെയും ദര്‍ശിച്ചഫലം കിട്ടും.  ഗ്രഹങ്ങളുടെ സ്വഭാവവും  അവയുടെ സഞ്ചാര പഥത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയ ഭോഗര്‍ ചൊവ്വഗ്രഹത്തിന്‍റെ രശ്മികള്‍ നേരിട്ടു പതിക്കുന്ന സ്ഥലമായ പഴനി മലയെത്തന്നെ മുരുക പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തു.

 ഭോഗര്‍ തന്‍റെ പതിനെട്ടു ശിഷ്യന്മാരുമായി കൂടിയാലോചിച്ച് 64 തരം മിശ്രിതങ്ങള്‍ 120 ഉപരസം, 11 തരം ലോഹസത്ത്, 15 തരം എരിവും പുളിയും, 108 തരം മൂലികാച്ചാറുകള്‍, ധാതുക്കള്‍ റെഡ്, ഫോസ്ഫറസ് വൈറ്റ് ഫോസ്ഫറസ് എന്നിവയെല്ലാം ചേര്‍ത്താണ്  വേല്‍മുരുകന്‍റെ നവപഷാണ ശിലയുണ്ടാക്കിയിട്ടുള്ളത്.

ചൂടുകൂടിയ ഈ മുരുക ശില തണുപ്പിക്കുന്നതിനായി തിരുമഞ്ജനം, ചന്ദനം, പാല്‍, ഇളനീര്‍, പഞ്ചാമൃതം എന്നിങ്ങനെ തണുത്ത വസ്തുക്കളാല്‍ അഭിഷേകം നടത്തുന്നു.  ഈശിലാ വിഗ്രഹം ഔഷധ –വൈദ്യശാസ്ത്രപ്രകാരം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ നേര്‍ക്കുനേരെ നിന്നു ദര്‍ശിച്ചാല്‍ രോഗങ്ങളകലുമെന്നു കാലങ്ങളായി വിശ്വസിക്കുന്നു. ഭക്തിയോടെ മലകയറി വേല്‍ മുരുകനെ ദര്‍ശിച്ചാല്‍ ശ്വാസവും മനസ്സും ഏകാഗ്രമാകും. സ്വാമിയെ ഒരു വിനാഴിക നോക്കിനിന്നാല്‍ ഔഷധ ശക്തിയാല്‍ ആന്മപീഠം എന്ന പുരിക മധ്യത്തില്‍ ഉത്തേജനമുണ്ടായി രക്തം ശുദ്ധിയാകുകയും,  അതിനാല്‍ ജീവകാന്തശക്തി എന്ന ഊര്‍ജ്ജം ഉണ്ടായി ആധിയും വ്യാധിയുമകന്ന്‍ ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കുന്നു.

പഴനി മുരുക ശിലയുടെ ശിരസ്സില്‍ രാത്രി വയ്ക്കുന്ന ചന്ദനം രാവിലെ നിറം മാറി കാണപ്പെടുന്നു.  ഇതിനു അത്യധികമായ ഔഷധ ഗുണമുണ്ട്.  ഈചന്ദനം സേവിച്ചാല്‍ സര്‍വ്വ രോഗങ്ങളും മാറുമെന്നാണ് വിശ്വാസം.  ഈചന്ദനം രാക്കാല ചന്ദനമെന്നറിയപ്പെടുന്നു.  ശ്രീകോവില്‍ അടയ്ക്കുമ്പോഴുണ്ടാകുന്ന ചൂടുകാരണം ശില വിയര്‍ത്ത് വെള്ളം വാര്‍ന്നൊഴുകും.  ഈവെള്ളത്തെ കൌപീന തീര്‍ത്ഥംമെന്നു വിശേഷിപ്പിക്കാറുണ്ട്.  ഈതീര്‍ത്ഥവും ഔഷധഗുണമുള്ളതാണ്. ഈ പ്രത്യേകതകളെല്ലാം ഉള്ളതുകൊണ്ടാണ് ആയുസിലൊരിക്കലെങ്കിലും പളനി മുരുകനെ ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ അതു ജന്മസുകൃതമായിത്തീരുമെന്നു ഭക്തര്‍ വിശ്വസിക്കുന്നത്..

ഹരോ ഹര! ഹരോ ഹര! ഹരോ ഹര!

_(())_ 

 

അഭിപ്രായങ്ങളൊന്നുമില്ല:

Use Web Keyboard
Show On Screen Keyboard