Keyman for Malayalam Typing

ഭസ്മം (രണ്ടാം ഭാഗം)

 ഭസ്‌മം ഉപയോഗിക്കുന്നതിനെ കുറിച്ച് :

രാവിലെ അല്പം വെള്ളം നനച്ചും വൈകിട്ട് നനക്കാതെയും ആണ് ഭസ്മധാരണ രീതി. നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തിൽ അമിതമായുണ്ടാകുന്ന ഈർപ്പത്തെ വലിച്ചെടുത്ത് നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്ന ഗുണവിശേഷമാണ് ഇങ്ങനെ ധരിക്കാൻ കാരണമായി പറയുന്നത്. രാവിലെ ഉണർന്നാൽ കൈകാൽ മുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മക്കുട്ടയിൽ നിന്നും ഒരു പിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മർമ്മസ്ഥാനങ്ങളിലും ഭസ്മം തൊടുന്നത് പഴമക്കാരുടെ ഒരു പതിവായിരുന്നു.

ഭസ്മം എങ്ങിനെ ഉണ്ടാക്കാം ?

ഭസ്മനിർമ്മാണത്തിനു പ്രത്യേക ചിട്ടകൾതന്നെ ഉണ്ട്. അമാവാസി, പൌർണ്ണമി, അഷ്ടമി എന്നീ ദിവസങ്ങളിൽ ഭസ്മത്തിനുള്ള ചാണകം ശേഖരിക്കുന്നതാണ് ഉത്തമം. രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയിൽ പ്രവേശിച്ച് നല്ലതായ ചാണകം ശേഖരിക്കണം. 
“ഹ്രൌം” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകം ശേഖരിക്കാൻ. 
എടുത്ത ശേഷം “നമ:“ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം.
ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത് വച്ച് വെയിലിൽ ഉണക്കണം.
ഇങ്ങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലർത്തി ‘ഹ്രൌം’ എന്നു ജപിച്ച് ഭസ്മമാക്കണം. 
അരണിയിൽ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തിൽ നിന്നെടുത്ത അഗ്നികൊണ്ടോ വേണം ദഹിപ്പിക്കാൻ. 
നന്നായി ദഹിക്കുന്നതുവരെ അഗ്നിയെ സംരക്ഷിക്കണം. ഈ ഭസ്മത്തെ ശുദ്ധമായ മൺപാത്രത്തിൽ സൂക്ഷിക്കണം. കൈതപ്പൂവ്, രാമച്ചം, ചന്ദനം, കുങ്കുമപ്പൂവ് തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘സദ്യോജാത’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തിൽ ചേർത്തുവയ്ക്കണം. ഇങ്ങനെയുണ്ടാക്കിയ ഭസ്മം തറവാട്ടിലും മനകളിലും മറ്റും ഭസ്മക്കുട്ട എന്നു പറയുന്ന തടിപ്പാത്രത്തിൽ ഐശ്വര്യ ചിന്ഹമായിപുറത്തെ ഇറയത്ത് തൂക്കിയിട്ട് പ്രദർശിപ്പിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: