ഹൈന്ദവാചാര പ്രകാരം പശുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ ഒരു പ്രധാന ആചാരമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങൾ, സുബ്രഹ്മണ്യക്ഷേത്രങ്ങൾ അയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിച്ചു വരുന്നു. താന്ത്രിക,മാന്ത്രികകർമ്മങ്ങൾക്കും ഭസ്മം ഉപയോഗിക്കാറുണ്ട്. ശൈവരാണ് ഭസ്മം ഉപയോഗിക്കുന്നവരിൽ കൂടുതലും. വൈഷ്ണവർ ചന്ദനമാണ് ഇതിനു പകരം തേയ്ക്കുന്നത്. കേരളത്തിലെ ശൈവർ ഭസ്മത്തിനു മുകളിൽ ചന്ദനം തേക്കുന്നവരാണെങ്കിലും തമിഴകത്ത് ശൈവർ ഭസ്മം മാത്രമേ ഉപയോഗിക്കൂ. വൈഷണവർ തിരിച്ചും. വെറ്റില ചേർത്തുള്ള ഭസ്മമാണ് താമ്പൂലഭസ്മം.
ഭസ്മം എന്ന പേരിനു പിന്നിൽ ഭസിതം,വിഭൂതി,രക്ഷ എന്നും പേരുകളുണ്ട് .
# ഭസിക്കുന്നത്കൊണ്ട് അതായത് പ്രകാശിപ്പിക്കുന്നത്കൊണ്ട് ഭസിതം,
# പാപങ്ങളെ ഭസ്മീകരിക്കുന്നതുകൊണ്ട് അതായത് നശിപ്പിക്കുന്നത് കൊണ്ട് ഭസ്മം,
# വിഭൂതിയെ, അതായത് ഐശ്വര്യത്തെ പ്രധാനം ചെയ്യുന്നത്കൊണ്ട് വിഭൂതി,
# രക്ഷ നൽകുന്നത്കൊണ്ട് രക്ഷ ഇങ്ങനെയാൺ ഈ പേരുകൾ ലഭിച്ചത്
വിഭൂതി എന്ന പദത്തിന്, ഭസ്മം എന്ന അർത്ഥത്തിനു പുറമേ ഐശ്വര്യം, ശക്തി, ധനം എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശമാണ്.
അഗ്നിയിൽ എന്തു നിക്ഷേപിച്ചാലും അവ കത്തിയോ അല്ലാതെയോ മറ്റൊരു വസ്തുവായി മാറും എന്ന് നമുക്കറിയാം. എന്നാൽ തീയിൽ കുറെ ഭസ്മം ( ചാരം,ചാമ്പൽ) നിക്ഷേപിച്ചു നോക്കിയാൽ അത് ഭസ്മം ആയി തന്നെ അവശേഷിക്കുന്നു. അതാണ് ഭസ്മത്തിന്റെ പ്രതേകത അഥവാ ഭസ്മമഹാത്മ്യം. ശിവപുരാണത്തിൽ "ഭസ്മമാഹാത്മ്യം" എന്നൊരു അധ്യായം തന്നെയുണ്ട്. കൂടാതെ ദേവി ഭാഗവതത്തിൽ പതിനൊന്നാം സ്ക്ന്ധത്തിൽ ഒൻപത്, പത്ത്, പതിനൊന്ന് എന്നീ അധ്യായങ്ങൾ യഥാക്രമം ഭസ്മധാരണ വിധി, ഭസ്മനിർമ്മാണ വിധി, ഭസ്മത്രിവിധത്വം എന്നിവ പ്രതിപാദിക്കുന്നു
(തുടരും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ