Keyman for Malayalam Typing

ക്രോധം നിയന്ത്രിക്കുക

രാമായണമാസം തുടങ്ങിയിട്ട് ഒമ്പത്  ദിവസങ്ങളോളമായി. മനുഷ്യ ജീവിതത്തിൽ അനുഷ്ടിക്കേണ്ട പല ഉപദേശങ്ങളെക്കോണ്ട് സമൃദ്ധമാണ് തുഞ്ചത്തെഴുത്തച്ചന്റെ അദ്ധ്യാത്മരാമായണം. മനുഷ്യന്റെ പ്രധാന ശത്രുക്കൾ“ കാമ ക്രോധ ലോഭ മോഹാദികൾ” ആണ്. അവയുടെ കൂട്ടത്തിൽ ക്രോധമാണ് മനുഷ്യന്റെ എറ്റവും വലിയ ശത്രു. സംസാര ജീവിതത്തിന്റെ ബന്ധനത്തിൽനിന്നും മോക്ഷം ലഭിക്കണമെങ്കിൽ ക്രോധം ഒഴിവാക്കണം.എഴുത്തച്ചന്റെ വരികൾ ഇതാ:-

“ക്രോധമൂലം മനസ്താപമുണ്ടായ്‌വരും

ക്രോധമൂലം നൃണാം സംസാരബന്ധനം

ക്രോധമല്ലോ നിജധർമ്മക്ഷയകരം

ക്രോധം പരിത്യജിക്കേണം ബുധജനം

ക്രോധമല്ലോ യമനായതു നിർണ്ണയം,

വൈതരണ്യാഖ്യയാകുന്നത് തൃഷ്ണയും.”

കുറിപ്പ്: വൈതരണി – യമലോകത്തിന് ചുറ്റുമുള്ള ഒരു നദി. ക്രോധം യമനാണെങ്കിൽ,തൃഷ്ണയാകട്ടെ വൈതരണി.അത് നീന്തി കരപിടിക്കാൻ സാധിക്കില്ല.

ശ്രീപദ്മനാഭന്റെ പതിനാലു ചക്രം!

ശ്രീപദ്മനാഭന്റെ മഹത്വം ലോകം മുഴുവനും ചർച്ചാവിഷയമായിരിക്കുകയാണല്ലോ. ഇത്രയും നിധി ഇത്രയും കാലം കാത്തുസൂക്ഷിച്ചത്  മഹാ അത്ഭുതം തന്നെ! 

രാജ്യത്തിന്റെ പ്രധാന ഖജനാവെന്ന നിലയിലാണ് പദ്മനാഭസ്വാമിക്ഷേത്രത്തെ തിരുവിതാംകൂർ രാജാക്കന്മാര്‍ സൂക്ഷിച്ചിരുന്നത്. ക്ഷേത്രത്തിനുള്ളിലെ സ്വര്‍ണനിക്ഷേപം രാജ്യത്ത് പഞ്ഞകാലത്ത് ഉപയോഗിക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. അത് വായ്പയായാണ് രാജ്യം സ്വീകരിച്ചിരുന്നത്. എട്ടര യോഗവും സഭയും കൂടിയാലോചിച്ച് ഇതിന് അനുമതി നല്‍കിയിരുന്നു. കൃത്യമായ കണക്കോടെ ക്ഷേത്രത്തില്‍നിന്ന് ലഭിക്കുന്ന വായ്പ രാജാവ് തിരിച്ച് നല്‍കിയിരുന്നു. സ്വര്‍ണം, വെള്ളി, രത്‌നം എന്നിവയുടെ നിക്ഷേപം ഈ രീതിയിലും ക്ഷേത്രത്തിലേക്ക് ലഭിച്ചുവെന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്.

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണ നെറ്റിപ്പട്ടം ഷൊര്‍ണൂര്‍-എറണാകുളം തീവണ്ടിപ്പാതയുടെ നിര്‍മ്മാണത്തിനായി കൊച്ചി രാജാവ് മുമ്പ് നല്‍കിയിരുന്നു. ക്ഷേത്രസ്വത്ത് സ്വന്തം ഭോഗവസ്തുവായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കണ്ടിരുന്നില്ലെന്നതിന് ദൃഷ്ടാന്തമാണ് പദ്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരം.

നേരത്തെ കേരളത്തില്‍ രണ്ടിടത്ത് സ്വര്‍ണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. 1850-കളില്‍ കൂത്തുപറമ്പ് കോട്ടയം കണ്ണവം നദീതീരത്തായിരുന്നു വലിയ നിക്ഷേപം കണ്ടെത്തിയത്. അഞ്ചുപേര്‍ക്ക് തലച്ചുമടായി കൊണ്ടുപോകാവുന്ന റോമന്‍ സ്വര്‍ണനാണയങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഈ നാണയങ്ങളില്‍ 40 എണ്ണം മദ്രാസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. വടക്കന്‍പറവൂരിലെ വള്ളുവള്ളിയില്‍ 282 സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ഒന്ന്-രണ്ട് നൂറ്റാണ്ടുകളിലെ റോമന്‍ സ്വര്‍ണനാണയങ്ങള്‍ക്ക് എട്ട് ഗ്രാം വീതം തൂക്കമുണ്ടായിരുന്നു.

എ.ഡി. 1000 മുതല്‍ 1950 വരെ തുടര്‍ച്ചയായി ഭരണം നടത്തിയ രാജവംശമായിരുന്നു തിരുവിതാംകൂറിലേത്. 1250 മുതല്‍ 1500 വരെ തിരുവിതാംകൂര്‍ ധനപരമായി മുമ്പിലായിരുന്നു. എട്ടാം നൂറ്റാണ്ടുമുതല്‍ തിരുവിതാംകൂര്‍ പുലര്‍ത്തിയിരുന്ന വിദേശവ്യാപാര ബന്ധത്തിലൂടെ അമൂല്യമായ രത്‌നങ്ങളും മറ്റും രാജ്യത്തിന് ലഭിച്ചിരിക്കുമെന്നാണ് നിഗമനം. ഇവ ക്ഷേത്രത്തിലേക്ക് ദാനം നൽ‍കിയിരിക്കാം. ചിലർ വിശ്വസിക്കുന്നത് പോലെ മാര്‍ത്താണ്ഡവര്‍മ്മ നടത്തിയ പടയോട്ടങ്ങളില്‍ തിരുവിതാംകൂറിലേക്ക് ചേര്‍ക്കപ്പെട്ട രാജ്യങ്ങളില്‍നിന്നും വന്‍തോതില്‍ സ്വര്‍ണനിക്ഷേപം ലഭിച്ചതായി ചരിത്രരേഖകളിലൊന്നും സൂചനയില്ല.