ജീവനക്കാരുടെ പുനര്‍വിന്യാസം വൈകുന്നതിനാല്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു. 111 ജീവനക്കാര്‍ ബോര്‍ഡിന് ഉണ്ട്. എന്നിട്ടും അതാവശ്യ ജോലികള്‍ തീര്‍ക്കുന്നതിന് പത്തുപേരെ താത്‌കാലികമായി നിയമിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.
നേരത്തെ ഹിന്ദുമത ധര്‍മ സ്ഥാപന ഭരണവകുപ്പ് (എച്ച്.ആര്‍.ആന്‍ഡ്.സി.ഇ.) ആയിരുന്ന സ്ഥാപനം 2008 ഒക്ടോബര്‍ രണ്ടു മുതലാണ് മലബാര്‍ ദേവസ്വംബോര്‍ഡായി മാറിയത്. എച്ച്.ആര്‍.ആന്‍ഡ്.സി.ഇ.യെ മലബാര്‍ ദേവസ്വം ബോര്‍ഡാക്കി മാറ്റിയപ്പോള്‍ നിലവിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് മറ്റു വകുപ്പുകളിലേക്ക് മാറാന്‍ ഓപ്‌ഷന്‍ അനുവദിച്ചിരുന്നു. തുടര്‍ന്ന് 111 ജീവനക്കാരും മലബാര്‍ ദേവസ്വം ബോര്‍ഡിന് പകരം മറ്റു വിവിധ വകുപ്പുകളില്‍ ജോലി ചെയ്യാനാണ് താത്‌പര്യം പ്രകടിപ്പിച്ചത്. അതേപോലെ മറ്റു വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് മാറാനും സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് 90 പേര്‍ ഇതിന് താത്‌പര്യം പ്രകടിപ്പിച്ച് അപേക്ഷിച്ചു. എന്നാല്‍ രണ്ടിടത്തേക്കുമുള്ള പുനര്‍വിന്യാസം ഇതുവരെ നടന്നിട്ടില്ല.
പുനര്‍വിന്യാസത്തിന് അപേക്ഷിച്ചിട്ടുള്ള ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ഇപ്പോള്‍ ഇവിടെ ജോലി ചെയ്യാന്‍ മാനസികമായി താത്‌പര്യമില്ല. ഇതുമൂലം ബോര്‍ഡിന്റെ പ്രവൃത്തികള്‍ തടസ്സപ്പെടുന്നതായി അധികൃതര്‍ പറയുന്നു. ബോര്‍ഡിലെ അത്യാവശ്യ ജോലികള്‍ ചെയ്യിക്കാന്‍ പത്തുപേരെ താത്‌കാലികമായി നിയമിക്കേണ്ടി വരുന്നത് ഇതു കാരണമാണ്. വിവിധ ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്ന ക്ലര്‍ക്കുമാരോട് ചൊവ്വാഴ്‌ച മുതല്‍ ബോര്‍ഡ് ആസ്ഥാനത്ത് ജോലി ചെയ്യാനാണ് നിര്‍ദേശം നല്‍കിയത്. ഇത് പിന്‍വാതില്‍ നിയമനത്തിനുള്ള നീക്കമാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. ജോലികള്‍ ചെയ്‌ത് തീര്‍ക്കാന്‍ ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌വഴിയോ, നിത്യകൂലിക്കോ നിയമിക്കാം. ഇതിനുപകരം ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്നവരെ ബോര്‍ഡ് ആസ്ഥാനത്ത് നിയമിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഭരണകക്ഷി യൂണിയനില്‍പ്പെട്ട പത്തുപേരെയാണ് ബോര്‍ഡ് ആസ്ഥാനത്ത് നിയമിച്ചിട്ടുള്ളത്. എന്നാല്‍, ഇത് വര്‍ക്കിങ് അറേഞ്ച്‌മെന്റിന്റെ ഭാഗമാണെന്നും ഇതില്‍ ക്രമക്കേടൊന്നുമില്ലെന്നും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.
Source : Mathruhumi of today reporter എം.പി.സൂര്യദാസ്